അഴിമിതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കേജരിവാളിന് നെഗറ്റീവ് അജണ്ടയാണെന്ന് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്. തല്ലി ഓടുന്ന തന്ത്രമാണ് രാഷ്ട്രീയത്തില്‍ കേജ്‌രിവാള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ശേഷം പതുങ്ങിയിരിക്കുകയാണ് കേജ്‌രിവാള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആളുകള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ ചെയ്യുക, ആരോപണ വിധേയനെതിരെ ശിക്ഷയ്ക്കു മുറവിളി കൂട്ടുക, ആവേശം കെട്ടായുമ്പോള്‍ അടുത്തയാളെ തേടിപ്പോകുക ഇതാണ് കേജരിവാളിന്റെ രീതിയെന്ന് മന്ത്രി പറഞ്ഞു. ജമ്മു യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സകലര്‍ക്കെതിരെയും മോശം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ നെഗറ്റീവ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭായമായാണ്. രാഷ്ട്രീയത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് കേജ്‌രിവാളിന്റെ ഉദ്ദേശം. തെളിവുകളും സാക്ഷികളും ഉണ്ടെങ്കില്‍ ആരോപണ വിധേയര്‍ക്കെതിരെ മാധ്യമങ്ങളിലൂടെ പോരാട്ടം നയിക്കാതെ കോടതിയില്‍ പോകാന്‍ കേജ്‌രിവാള്‍ തയാറാകണമെന്ന് സച്ചിന്‍ പൈലറ്റ് ഉപദേശിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അതിനു കോടതിയിലാണ് അഭയം പ്രാപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.