കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ ഐഐടി ബിരുദധാരി
ശനി, 28 ഡിസംബര്‍ 2013 (19:41 IST)
PRO
PRO
ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കുശേഷം മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ ഐഐടി ബിരുദധാരിയാണ് കെജ്‌രിവാള്‍. ഉന്നത വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് അഭിമാനമായ ഐഐടിയില്‍നിന്നുള്ള ചുരുക്കം രാഷ്ട്രീയ നേതാക്കന്മാരില്‍ മുഖ്യമന്ത്രി പദത്തിലേക്ക് വന്നിട്ടുള്ളത് മനോഹര്‍ പരീക്കരും അരവിന്ദ് കെജ്‌രിവാളുമാണ്.
കേന്ദ്രമന്ത്രിമാരായ അജിത് സിങ്ങും ജയറാം രമേശുമാണ് ഐഐടിയില്‍നിന്ന് വന്നിട്ടുള്ള മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍. ഖരഗ്പൂര്‍ ഐഐടിയില്‍നിന്നാണ് അരവിന്ദ് കെജ് രിവാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. 1989ലാണ് കെജ്‌രിവാള്‍ പഠനം പൂര്‍ത്തിയാക്കിയത്. പരീക്കര്‍ മുംബൈ ഐഐടിയില്‍നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
ജയറാം രമേശിനൊപ്പം ബോംബെ ഐഐടിയില്‍ പഠിച്ചിരുന്ന നന്ദന്‍ നിലേക്കനി അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നന്ദന്‍ നീലേക്കനി ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നാണ് സൂചന. കെജ്‌രിവാള്‍ മന്ത്രിസഭയിലുള്ള സൗരഭ് ഭരദ്വാജ്, മനിഷ് സിസോഡിയ എന്നിവര്‍ ഐഐടിയില്‍ നിന്നുള്ളവരല്ലെങ്കിലും എഞ്ചിനീയറിങ്ങ് പശ്ചാത്തലമുള്ളവരാണ്.