കൂട്ടമാനഭംഗം: കാറില്‍ കടത്തിയ യുവതിയെ പൊലീസ് നാടകീയമായി രക്ഷിച്ചു

വെള്ളി, 8 ഫെബ്രുവരി 2013 (11:17 IST)
PTI
PTI
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നാലംഗ സംഘം കൂട്ടമാനഭംഗം ചെയ്ത 24കാരിയെ പൊലീസ് നാടകീയമായി രക്ഷിച്ചു. നോര്‍ത്ത് ഡല്‍ഹിയിലാണ് സംഭവം. കറുത്ത പേപ്പര്‍ ഒട്ടിച്ച് അതിവേഗം കടന്നുപോയ കാര്‍ സംശയത്തെ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

ബുരാരിയിലൂടെ വ്യാഴാഴ്ച പുലര്‍ച്ചെ 2:30ന് കടന്നുപോയ കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. ബാരിക്കേഡ് തകര്‍ത്ത് അതിവേഗത്തില്‍ കുതിച്ച കാര്‍ പൊലീസ് സംഘം പിന്തുടര്‍ന്നു. തുടര്‍ന്ന് വസീരാബാദ് ഫ്ലൈഓവറിന് സമീപത്ത് വച്ച് കാര്‍ പിടികൂടി. നാ‍ല് പുരുഷന്മാരും ഒരു യുവതിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. തന്നെ നാല്‍‌വര്‍ സംഘം തട്ടിക്കൊണ്ടുവന്നതാണെന്നും തുടര്‍ന്ന് കൂട്ടാമാനഭംഗം ചെയ്തു എന്നും യുവതി പൊലീസിനോട് പറഞ്ഞു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലെ കോളനിയിലും തുടര്‍ന്ന് കാറില്‍ വച്ചുമായിരുന്നു പീഡനം നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ആബിദ്(21), ഷക്കീല്‍(23), ഇര്‍ഷാദ്(30), ലജ്പത് റായ് സച്ച്‌ദേവ(38) എന്നിവരാണ് അറസ്റ്റിലായത്. ഷക്കീല്‍ എന്നയാളെ യുവതിയ്ക്ക് പരിചയമുണ്ട്. ടെയ്‌ലര്‍ ആയ ഇയാളെ സ്വരൂപ് നഗറിലെ വീട്ടില്‍ കാണാന്‍ എത്തിയതായിരുന്നു യുവതി. മൂന്നു പേര്‍ കൂടി അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് സമീപത്തെ കോളനിയിലേക്കു കൂട്ടിക്കൊണ്ടു പോയി ഷക്കീലും മറ്റു മൂന്നു പേരും കൂടി തന്നെ പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീടു സുഹൃത്തിന്റെ സാന്‍‌ട്രോ കാറിലും പീഡനം തുടര്‍ന്നു.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡനം നടന്നതായി വ്യക്തമായി.

വെബ്ദുനിയ വായിക്കുക