ഒരു കുടുംബത്തിന്‍റെ ഭൂതകാലത്തെ കുറിച്ച് പ്രചാരണം നടത്താനുള്ള ഗൂഡാലോചന രാജ്യത്തിന് അപകടമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നെഹ്രു-ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷ വിമര്‍ശനം നടത്തി. നാഗ്പൂരില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞ 37 വര്‍ഷം ഇന്ത്യ ഭരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും അവരുടെ ഭരണമായി കണക്കാക്കിയാല്‍ മൊത്തം 42 വര്‍ഷം ഭരിച്ചു എന്നും നെഹ്രു-ഗാന്ധി കുടുംബത്തെ വിമര്‍ശിച്ചു കൊണ്ട് മോഡി പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് “അദൃശ്യനായ പ്രധാനമന്ത്രി” ആയിരുന്നു എന്നും യഥാര്‍ത്ഥ ഭരണാധികാരികള്‍ മറ്റുള്ളവരായിരുന്നു എന്നും മോഡി കുറ്റപ്പെടുത്തി.
അമേരിക്കയില്‍ ബരാക് ഒബാമ ജയിക്കാനുള്ള കാരണവും കുടുംബ വാഴ്ചയും തമ്മിലും ഒബാമ ബന്ധപ്പെടുത്തി. അമേരിക്കന്‍ ജനത കുടുംബ വാഴ്ച മടുത്തതുകൊണ്ടാണ് ഒബാമയെ ജയിപ്പിച്ചതെന്ന് മോഡി അഭിപ്രായപ്പെട്ടു.
അടുപ്പിച്ച് രണ്ട് തവണ സീനിയര്‍ ബുഷ്, പിന്നീട് രണ്ട് തവണ ബില്‍ ക്ലിന്‍റന്‍, പിന്നെ രണ്ട് തവണ ജൂനിയര്‍ ബുഷ്. പിന്നെയും ഒരു തവണ കൂടി ക്ലിന്‍റന് സാധ്യത നിലനില്‍ക്കുകയായിരുന്നു. രണ്ട് കുടുംബങ്ങളാണ് തങ്ങളെ ഭരിക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കി. അതേസമയം, ഇന്ത്യയില്‍ ഒറ്റ കുടുംബമാണ് കാര്യങ്ങള്‍ വഷളാക്കിയത് എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലെയുള്ള ശക്തരെയാണ് ഇന്ത്യയ്ക്ക് വേണ്ടത്. മന്‍മോഹന്‍ സിംഗിനെ പോലെ അദൃശ്യരായ വ്യക്തികള്‍ക്കുള്ളതല്ല പ്രധാനമന്ത്രി പദമെന്നും മോഡി പറഞ്ഞു.