ഒറീസയിലെ കാണ്ടമാലില്‍ 2008ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബി ജെ പി എംഎല്‍എയ്ക്ക് ഏഴു വര്‍ഷം തടവ്. എം എല്‍ എയായ മനോജ് പ്രധാനാണ് അതിവേഗ കോടതി ഏഴുവര്‍ഷം കഠിനതടവ് വിധിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മനോജ് പ്രധാന്‍ അറിയിച്ചു.
വി എച്ച് പി നേതാവായിരുന്ന സ്വാമി ലക്‍ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെ തുടര്‍ന്ന് 2008 ഓഗസ്റ്റിലാണ് കാണ്ടമാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതകം, വീടുകള്‍ക്ക് നേരെയും ജനങ്ങള്‍ക്കു നേരെയുമുള്ള ആക്രമണം, അന്യായമായി സംഘം ചേരല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി അഞ്ചു കേസുകളാണ് മനോജ് പ്രധാനെതിരെയുള്ളത്.
കലാപത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പരീഖിതാ ദിഗല്‍ എന്നയാളെ വധിച്ചതും മനോജ് പ്രധാനെതിരായ കേസുകളില്‍ പെടുന്നു. “കോടതിയെ ഞാന്‍ ബഹുമാനിക്കുന്നു. ഉന്നത നീതിപീഠത്തില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം” - ജി ഉദയഗിരിയില്‍ നിന്നുള്ള എം എല്‍ എയായ മനോജ് പ്രധാന്‍ പറഞ്ഞു.
ഇതേ കേസുമായി ബന്ധപ്പെട്ട് പ്രഫുല്ല മാലിക് എന്നയാളെയും കോടതി ഏഴുവര്‍ഷം തടവിന് വിധിച്ചു. ഇരുവരും 6000 രൂപ വീതം പിഴയൊടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.