മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബിനെ പാകിസ്ഥാന് കൈമാറില്ല എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. അന്വേഷണം മുന്നോട്ട് കൊണ്ടുപോവാന്‍ അന്വേഷണ ഏജന്‍സികള്‍ കസബിനെ ആവശ്യപ്പെട്ടാല്‍ അത് ഇന്ത്യ സഹകരിക്കണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയിലാണ് ഭീകരാക്രമണം നടന്നത്. അതിനാല്‍, കസബിനെ കൈമാറുന്ന പ്രശ്നമുദിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍, പാകിസ്ഥാനില്‍ അറസ്റ്റിലായ മറ്റ് കുറ്റാരോപിതരെ കൂടി ഇന്ത്യയ്ക്ക് കൈമാറുകയാണ് വേണ്ടത്, കാരണം അവരാണ് ആക്രമണത്തിന് ഉത്തരവാദികള്‍, വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ പറഞ്ഞു.
പാകിസ്ഥാനില്‍ കസബടക്കമുള്ള ഒമ്പത് പേര്‍ക്കെതിരെയാണ് ഫെഡറല്‍ ഇന്‍വസിഗേഷന്‍ ഏജന്‍സി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ആവശ്യമെങ്കില്‍ കസബിനെ വിട്ടുതന്ന് പാകിസ്ഥാനുമായി സഹകരിക്കണമെന്നാണ് റഹ്മാന്‍ മാലിക് കഴിഞ്ഞ ദിവസം പറഞ്ഞത്.
മുബൈയില്‍ നവംബര്‍ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിദേശികള്‍ ഉള്‍പ്പെടെ 170 ഓളം ആളുകളാണ് മരിച്ചത്. മൂന്ന് ദിവസത്തോളം ഭീകരര്‍ ചെറുത്ത്നില്‍പ്പ് നടത്തിയിരുന്നു. പത്ത് പേരടങ്ങുന്ന ഭീകര സംഘത്തില്‍ ഒമ്പത് പേരെയും ഏറ്റുമുട്ടലുകളില്‍ വധിക്കുകയായിരുന്നു.