ജമ്മു കശ്മീരിലെ സാംബാ ജില്ലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ ബോധം നല്‍കാനായി കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചു. മേയ് 11 ന് സാംബാ ജില്ലയിലെ മണ്ടി പ്രദേശത്തെ കൈയിലിയില്‍ ഭീകരര്‍ നടത്തിയ ആക്രമണം ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.
കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്സിലെ 425 പേരെ കൂടാതെ ഗ്രാമത്തിലെ ജനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച സുരക്ഷാ കമ്മിറ്റിയും പ്രദേശമാകെ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. മേയ് പതിനൊന്നിനു നടന്ന ഏറ്റുമുട്ടലില്‍ നാല് ഗ്രാമീണരും രണ്ട് ഭീകരരും മരിച്ചിരുന്നു.
അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തീര്‍ത്തും അവസാനിപ്പിക്കാനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍ എന്ന് ജില്ലാ വികസന കമ്മീഷണര്‍ സൌരവ് ഭഗത് പറഞ്ഞു.
ഭീകരരുമായുണ്ടായ ഏറ്റുമുട്ടല്‍ സമയത്ത് പത്തോളം ഭീകരര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ ഇനിയും ആക്രമണം നടത്താനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.