കല്‍ക്കരിപ്പാടം: ബിജെപി എം‌പിമാര്‍ രാജിവയ്ക്കില്ല

വ്യാഴം, 23 ഓഗസ്റ്റ് 2012 (13:21 IST)
PRO
PRO
കല്‍ക്കരിപ്പാടം അഴിമതിയില്‍ പ്രധാനമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകകക്ഷിയോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഇരുസഭകളും ആരംഭിച്ചയുടന്‍ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു.

പ്രധാനമന്ത്രി രാജിവച്ച് സര്‍ക്കാര്‍ പുതിയ ജനവിധി തേടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ എന്‍ഡിഎ സഖ്യ കക്ഷിയായ ജെ ഡി -യു പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന കാര്യത്തില്‍ ബിജെപി ഒറ്റപ്പെടുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോക്സഭയില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജിക്ക് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യം തള്ളി.

സിഎജി റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ആവാമെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴും. എന്നാല്‍ പ്രതിപക്ഷം ഇതിന് വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക