കര്‍ണാടക: രണ്ട് മന്ത്രിമാര്‍ കൂടി പുറത്ത്

വ്യാഴം, 7 ഒക്‌ടോബര്‍ 2010 (10:57 IST)
PRO
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ രണ്ട് മന്ത്രിമാരെ കൂടി പുറത്താക്കി. ആനന്ദ് അസ്നോത്തിക്കര്‍, ബി ജാര്‍കിഹോളി എന്നീ മന്ത്രിമാരാണ് ഇപ്പോള്‍ പുറത്തായത്.

പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കാനുള്ള വഴികള്‍ ആലോചിക്കാന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മുതിര്‍ന്ന പാര്‍ട്ടി നേതാവ് വെങ്കയ്യ നായിഡുവിനെ ബാംഗ്ലൂരിലേക്ക് അയച്ചു. എന്നാല്‍, വിമത എം‌‌എല്‍‌എമാര്‍ കഴിഞ്ഞ ദിവസം രാത്രി ചെന്നൈയില്‍ നിന്ന് കൊച്ചി വഴി മുംബൈയിലേക്ക് പോയിരിക്കുകയാണ്.

പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യദ്യൂരപ്പയുടെ എതിര്‍ ചേരിയിലായിരുന്ന റെഡ്ഡി സഹോദരന്‍‌മാര്‍ മുന്‍‌പന്തിയില്‍ എത്തിയിട്ടുണ്ട്. റഡ്ഡി സഹോദരന്‍‌മാര്‍ പ്രശ്നപരിഹാരത്തിന് തനിക്കൊപ്പം നില്‍ക്കുന്നു എന്ന് യദ്യൂരപ്പയും വ്യക്തമാക്കിയിട്ടുണ്ട്.

ഡി സുധാകര്‍, വെങ്കടരമണപ്പ, ശിവരാജ് തങ്ങടഗി, പി എം നരേന്ദ്രസ്വാമി എന്നീ നാല് മന്ത്രിമാരെ കഴിഞ്ഞ ദിവസം യദ്യൂരപ്പ പുറത്താക്കിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമാവുകയും 19 വിമത എം‌എല്‍‌എമാര്‍ സര്‍ക്കാരിന് പിന്തുണ പിന്‍‌വലിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

വിമതര്‍ പിന്തുണ പിന്‍‌വലിച്ചതോടെ ഇപ്പോള്‍ യദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. ഒക്ടോബര്‍ 11 ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് യദ്യൂരപ്പയുടെ നീക്കം.

വെബ്ദുനിയ വായിക്കുക