കര്‍ക്കറയെ വെടിവച്ചില്ല: കസബ്

തിങ്കള്‍, 21 ഡിസം‌ബര്‍ 2009 (15:26 IST)
PRO
PRO
മുംബൈ ഭീകരാക്രമണത്തിനിടയില്‍ ഹേമന്ത് കര്‍ക്കറെ, വിജയ് സലാസ്കര്‍, കാംതെ തുടങ്ങിയ പൊലീസ് ഓഫീസര്‍മാരെ താനല്ല വധിച്ചത് എന്ന് അജ്മല്‍ അമിര്‍ കസബ്. തിങ്കളാഴ്ച പ്രത്യേക ജഡ്ജി എം എല്‍ തഹിലിയാനിക്കു മുന്നില്‍ മൊഴിനല്‍കവെ കസബ് തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ചു.

പൊലീസിനും പൊതുജനങ്ങള്‍ക്കും നേരെ വെടിവയ്പ് നടത്തിയെന്ന് ആരോപിക്കുന്ന സി‌എസ്ടിയിലും കാമ ആശുപത്രിയിലും താന്‍ പോയിട്ടില്ല എന്നും കസബ് പറഞ്ഞു. വാല്‍മീകി ചൌക്കില്‍ നിന്ന് സ്കോഡ കാര്‍ തട്ടിയെടുത്തു എന്ന ആരോപണവും കസബ് നിഷേധിച്ചു.

തന്റെ കൈയ്യില്‍ മുറിവ് ഉണ്ടായത് പൊലീസ് തിരികെ വെടിവച്ചതുമൂലമല്ല എന്നും അത് പൊലീസുകാര്‍ മന:പൂര്‍വം കുത്തി മുറിച്ചതാണെന്നും കസബ് ജഡ്ജിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ഡിസംബര്‍ 18 ന് മൊഴി എടുത്തപ്പോഴും കസബ് കുറ്റം നിഷേധിച്ചിരുന്നു. പാകിസ്ഥാന്‍ വംശജനായതിനാലും പൊലീസ് വെടിവച്ചുകൊന്ന അബു അലിയുമായി സാദൃശ്യം ഉള്ളതിനാലും തന്നെ കേസില്‍ കുടുക്കുകയായിരുന്നു എന്ന് കസബ് പറഞ്ഞിരുന്നു. ആക്രമണം നടക്കുന്നതിന് 20 ദിവസം മുമ്പ് സംഝോത്ത എക്സ്പ്രസിലാണ് താന്‍ ഇന്ത്യയില്‍ എത്തിയതെന്നും ആക്രമണം നടക്കുന്ന അന്ന് രാത്രി താന്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു എന്നും കസബ് പറഞ്ഞു.

താന്‍ ജൂഹുവില്‍ കറങ്ങുന്ന സമയത്താണ് പൊലീസ് കസ്റ്റഡിയില്‍ ആയത് എന്നും ബോളിവുഡ് സിനിമാ മോഹവുമായാണ് മുംബൈയില്‍ എത്തിയതെന്നും കഴിഞ്ഞ ദിവസം കസബ് പറഞ്ഞിരുന്നു. തന്റെ കൂട്ടുകാര്‍ നേരത്തെ ഇവിടെ വന്നിട്ടുണ്ട് എന്നും അവരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ വന്നതെന്നും കസബ് പറയുന്നു. തന്റെ പാസ്പോര്‍ട്ടും സോണി എറിക്സന്റെ മൊബൈല്‍ ഫോണും കാ‍ണാനില്ല എന്നും അത് പൊലീസിന്റെ കൈയ്യിലുണ്ടാവുമെന്നാണ് കരുതുന്നത് എന്നും കസബ് പറയുന്നു.

ജൂലൈ 20 ന് കസബ് പ്രത്യേക കോടതിക്ക് മുമ്പാകെ സ്വമേധയാ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, അത് കസ്റ്റഡിയിലെ പീഡനം മൂലം സമ്മതിച്ചതാണെന്നായിരുന്നു കസബ് വെള്ളിയാഴ്ച പറഞ്ഞത്.

വെബ്ദുനിയ വായിക്കുക