ഒറീസ എംഎല്‍എയെ മോചിപ്പിക്കും; പക്ഷേ രാജിവയ്ക്കണം

ബുധന്‍, 25 ഏപ്രില്‍ 2012 (12:50 IST)
PTI
PTI
മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഒറീസ എംഎല്‍എയെ വ്യാഴാഴ്ച മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷ്മിപൂരിലെ ബിജു ജനതാദള്‍ എംഎല്‍എ ജിന ഹികാക്കയെ ഒരു മാസമായി മാവോയിസ്‌റ്റുകള്‍ ബന്ദിയാക്കി വച്ചിരിക്കുകയായിരുന്നു.

37-കാരനായ എംഎല്‍എയെ മാവോയിസ്‌റ്റുകള്‍ ഇന്ന്‌ ‘ജനകീയ കോടതി‘യില്‍ ഹാജരാക്കി. തുടര്‍ന്ന് അദ്ദേഹത്തെ നാളെ മോചിപ്പിക്കാന്‍ തീ‍രുമാനമായി. മോചനം ലഭിച്ചാല്‍ അടുത്ത നിമിഷം അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാകാത്ത ഹികാക്ക രാജിവയ്ക്കണം എന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം. കോരാപുത്ത് ജില്ലയില്‍ വച്ച് നാളെ രാവിലെ 10 മണിയോടെയായിരിക്കും മോചനം.

അതേസമയം കഴിഞ്ഞ ശനിയാഴ്‌ച ഛത്തീസ്‌ഗഡില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സുഖ്മ ജില്ലാ കലക്‌ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാന്‍ മാവോയിസ്‌റ്റുകള്‍ മുന്നോട്ടുവച്ച അന്ത്യശാസനം ഇന്ന്‌ അവസാനിക്കുകയാണ്. കളക്ടര്‍ ഗുരുതരാവസ്ഥയിലാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മരുന്നുകള്‍ എത്തിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക