ഒബാമയുടെ സന്ദര്‍ശനം പ്രതിഷേധച്ചുവപ്പില്‍

വെള്ളി, 29 ഒക്‌ടോബര്‍ 2010 (19:53 IST)
PRO
യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സന്ദര്‍ശനം പ്രതിഷേധത്തില്‍ ചുവപ്പിക്കുന്നതിന് ഇടതുപക്ഷ തീരുമാനം. ഭോപ്പാല്‍ വാതകദുരന്ത ഇരകള്‍ക്ക് നീതിലഭ്യമാക്കുക, പ്രതിരോധ സഹകരണ കരാര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ എട്ടിന് പ്രതിഷേധം നടത്തുമെന്ന് ഇടതുപക്ഷ കക്ഷികള്‍ വ്യക്തമാക്കി.

യുഎസിലെ ആദ്യ ആഫ്രിക്കന്‍ വംശജനായ പ്രസിഡന്റില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു എന്നും എന്നാല്‍ യാഥാസ്ഥിതിക ബുഷ് ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ലഭിച്ചില്ല എന്നും ഇടതുകക്ഷികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഭോപ്പാല്‍ ദുരന്ത ഇരകള്‍ക്ക് നീതി ലഭ്യമാക്കുക. ഡൌ കെമിക്കല്‍‌സ് നഷ്ടപരിഹാരം നല്‍കുക, ദുരന്ത സ്ഥലത്തെ അവശിഷ്ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. വാറന്‍ ആന്‍ഡേഴ്സ്നെ വിചാരണയ്ക്കായി വിട്ടുതരിക.

ഇന്ത്യയെ യുഎസിന്റെ സൈനിക സഖ്യത്തിലാക്കുന്ന പ്രതിരോധ കരാര്‍ റദ്ദാക്കുക. ആണവ വിതരണ കമ്പനികളുടെ ബാധ്യതയെ കുറിച്ചുള്ള ഇന്ത്യന്‍ നിലപാടുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. ഇറാഖില്‍ അവശേഷിക്കുന്ന 50,000 സൈനികരെ ഉടന്‍ പിന്‍‌വലിക്കുക. അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടതുപക്ഷം പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥാനം‌പിടിച്ചിരിക്കുന്നത്.

സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഫോര്‍വേര്‍ഡ് ബ്ലോക് നേതാവ് ദേബബ്രത ബിവാസ്, സിപിഐ നേതാവ് എ ബി ബര്‍ദന്‍, ആര്‍ എസ് പി നേതാവ് അബാനി റോയ് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പ് വച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക