എല്‍ടിടി‌ഇ ഇന്ത്യയെ ആക്രമിച്ചേക്കും

ചൊവ്വ, 24 ഫെബ്രുവരി 2009 (18:01 IST)
എല്‍ടിടി‌ഇ ഇന്ത്യയെ ലക്‍ഷ്യമാക്കി ആക്രമണം നടത്തിയേക്കുമെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി. തെക്കേ ഇന്ത്യയിലെ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പുലികള്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലഫ്റ്റനന്‍റ് ജനറല്‍ ശരത് ഫൊനെസ്ക അറിയിച്ചത്. വ്യോമാക്രമണത്തിനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.

ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന കാര്യത്തില്‍ ഇന്ത്യ വ്യക്തത വരുത്തിയിട്ടുണ്ട്. എല്‍ടിടി‌ഇ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണെന്നും തമിഴ് പൌരന്‍‌മാരുടെ സുരക്ഷാ കാര്യത്തില്‍ ശ്രീലങ്ക ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുലികളുടെ രണ്ട് വിമാനങ്ങള്‍ ലങ്കന്‍ സേന വെടിവച്ചിട്ടതോടെ അവരുടെ വ്യോമാക്രമണ ശേഷി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ ഇന്ത്യയെ ആക്രമിച്ചേക്കാമെന്ന് ഫൊനെസ്ക പറഞ്ഞു

എല്‍ടിടി‌ഇയുടെ പ്രവര്‍ത്തനം അംഗീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ എല്‍ടിടി‌ഇയും ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളിലെ അവരുടെ അനുകൂലികളും അസംതൃപ്തരാണ്. വടക്ക്-കിഴക്കന്‍ ശ്രീലങ്കയില്‍ എവിടെ വേണമെങ്കിലും വ്യോമാക്രമണം നടത്താന്‍ അവര്‍ക്ക് ശേഷിയുണ്ട്. അതേ കാര്യം തന്നെ ഇന്ത്യയിലും ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുലികളുടെ ഏഴ് വ്യോമ കേന്ദ്രങ്ങള്‍ സൈന്യം പിടിച്ചിട്ടും കൊളംബോയില്‍ ആക്രമണം നടത്താന്‍ അവര്‍ക്ക് സാധിച്ചു. ഇന്ത്യയുടെ 150-170 കൊലോമീറ്റര്‍ പരിധിക്കകത്ത് ആക്രമണം നടത്താന്‍ വളരെ എളുപ്പമാണ്. ചാവേറാക്രമണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിമാനം വളരെ താഴ്ന്നാണ് പറക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സമാധാനത്തിലോ സന്ധിസംഭാഷണത്തിലോ വിശ്വാസമില്ലാത്തവരാണ് പുലികള്‍. വളരെ കുറച്ച് പ്രദേശത്ത് കൂടി മാത്രമേ പുലികള്‍ക്ക് സ്വാധീ‍നമുള്ളൂ. എല്‍ടിടി‌ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ മുല്ലത്തീവിലെ ഒളിത്താവളത്തില്‍ത്തന്നെ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക