എലിസബത്തിന്റെ പെയിന്റിംഗിന് 28 കോടി: വാര്‍ത്ത തെറ്റെന്ന് എഎഐ

ചൊവ്വ, 19 ജൂണ്‍ 2012 (20:34 IST)
PRO
PRO
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങള്‍ വന്‍ വില നല്‍കി വാങ്ങിയെന്ന വാര്‍ത്ത എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എഎഐ) നിഷേധിച്ചു. എട്ട് ചിത്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന് എഎഐ അധികൃതര്‍ അറിയിച്ചു.

ചിത്രങ്ങള്‍ 28 കോടി രൂപയ്ക്കാണ് വാങ്ങിയതെന്നാ‍യിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എഎഐ ചെലവഴിച്ചതെന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് എഎഐ വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എഎഐ തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല.

നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക