എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അഴിയെണ്ണുന്നത് പൊലീസുകാരാവും!

തിങ്കള്‍, 3 ജൂണ്‍ 2013 (11:55 IST)
PRO
PRO
പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പൊലീസുകാര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഭേദഗതി ചെയ്ത ക്രിമിനല്‍ നിയമം നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും കൂടുതല്‍ ഗൗരവമായ കേസുകളില്‍ പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.

ഡല്‍ഹി പീഡനവുമായി ബന്ധപ്പെട്ട് അധികാര തര്‍ക്കത്തിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പൊലീസ് വൈകിപ്പിച്ചിരുന്നു. സമാനമായ പരാതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇതാണ് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായത്.

എഫ്‌ഐആര്‍ വൈകിപ്പിക്കുന്നത് ഇരകളെ പ്രതികൂലമായി ബാധിക്കുമെന്നും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ ഇത് പഴുതാകുമെന്നുമാണ് വിലയിരുത്തല്‍. അതിനാല്‍ പരാതി ലഭിക്കുമ്പോള്‍ സ്‌റ്റേഷന്‍ അതിര്‍ത്തികളുടെയും അധികാര തര്‍ക്കങ്ങളുടെയും പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കേസിന്‍റെ അന്വേഷണ പുരോഗതിയില്‍ വേണ്ടി വന്നാല്‍ എഫ്ഐആറില്‍ മാറ്റം വരുത്താനുള്ള നിയമവും വ്യവസ്ഥ ഭേദഗതി ചെയ്ത ക്രിമിനല്‍ നിയമത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക