എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് അറസ്റ്റില്‍

വെള്ളി, 8 ജനുവരി 2010 (15:15 IST)
മുംബൈ പൊലീസിലെ ഏറ്റവും പ്രശസ്തനായ എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ്മയെ വ്യാജ ഏറ്റുമുട്ടലിന്‍റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തു. അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ വലം‌കൈ ആയ ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്നാണ് പ്രദീപ് ശര്‍മ്മയ്ക്കെതിരായ കേസ്.

പ്രദീപ് ശര്‍മ്മയെയും രണ്ടു പൊലീസുകാരെയും ഉള്‍പ്പടെ അഞ്ചുപേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. വെര്‍സോവ സബര്‍ബനില്‍ നാനാ - നാനി പാര്‍ക്കിന് സമീപം 2006 നവംബറിലാണ് ലഖന്‍ ഭയ്യ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ഈ കേസുമായി ബന്ധപ്പെട്ട് ശര്‍മ്മയെ 2008ല്‍ മുംബൈ പൊലീസില്‍ നിന്ന്‌ സസ്പെന്‍ഡ്‌ ചെയ്‌തിരുന്നു.

മുംബൈ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു അസിസ്റ്റന്‍റ്‌ കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ടീമാണ് പ്രദീപ് ശര്‍മ്മയ്ക്കെതിരായ കേസ് അന്വേഷിക്കുന്നത്. തനിക്കെതിരെ അധോലോകം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്ന് പ്രദീപ് ശര്‍മ്മ പറഞ്ഞു.

മുംബൈ പൊലീസില്‍ 25 വര്‍ഷം നീണ്ട സേവനത്തിനിടെ 107 ക്രിമിനലുകളെ വധിച്ച എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റാണ് പ്രദീപ് ശര്‍മ്മ.

വെബ്ദുനിയ വായിക്കുക