പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം പിമാരുടെ ഹാജര്‍ നില കുറയുന്നതിനെ കുറിച്ച് സോണിയയ്ക്ക് ആശങ്ക. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എം പിമാരുടെ ഹാജര്‍ നിലയെ കുറിച്ച് സോണിയ ആശങ്ക പ്രകടിപ്പിച്ചത്.
അവശ്യ സന്ദര്‍ഭങ്ങളില്‍ ചീഫ് വിപ്പുമാരുടെ പ്രയത്ന ഫലമായാണ് എം പിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നത്. സഭയില്‍ ഹാജരാവാതിരിക്കുന്നത് വോട്ട് ചെയ്ത ജനങ്ങളോടുള്ള വഞ്ചനയാണെന്നും സോണിയ പറഞ്ഞു. സംസ്ഥാന കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തതോടെ ഹാജര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത് എന്ന് സോണിയ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ മന്ത്രിമാരുള്ളതിനാല്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതീക്ഷകളും ആവശ്യങ്ങളും വര്‍ദ്ധിക്കുക സ്വാഭാവികമാണെന്നും ഇതിനായി എം പിമാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും സോണിയ മന്ത്രിമാരോട് ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിക്കണം എന്നും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടുതല്‍ അടുത്ത് സഹകരിക്കണം എന്നും സോണിയ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പുതിയ എം പിമാര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും ഉപദേശക സമിതികളിലും സ്ഥിരമായി പങ്കെടുക്കണം. എല്ലാ അംഗങ്ങളും സര്‍ക്കാരിന്റെ നയങ്ങളെ കുറിച്ച് മനസ്സിലാക്കുകയും അവ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് സോണിയ ആവശ്യപ്പെട്ടു.