എം പിമാര്‍ക്ക് ദീപാവലി ആഘോഷമാക്കാം!

ഞായര്‍, 10 ഒക്‌ടോബര്‍ 2010 (11:31 IST)
എം പിമാരുടെ പുതുക്കിയ ദിവസബത്തയും യാത്രാ അലവന്‍സുകളും ഈ മാസം പ്രാബല്യത്തിലാവും. ഇതോടെ, എം പിമാര്‍ക്ക് ദീപാവലി ശരിക്കും ഒരു ആഘോഷമാക്കി മാറ്റാന്‍ സാധിക്കും. ഈ മാസം മുതല്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ക്ക് ദിവസം 2000 രൂപ ബത്തയും കിലോമീറ്ററിന് 16 രൂ‍പ നിരക്കില്‍ യാത്രാ അലവന്‍സും ലഭിക്കും.

ഇനിമുതല്‍, എം പിമാരുടെ വൈവാഹിക പങ്കാളിക്ക് താമസ സ്ഥലത്തു നിന്ന് ഡല്‍ഹിയിലേക്ക് ഒന്നാം ക്ലാസ് എ സി കമ്പാര്‍ട്ട്‌മെന്റില്‍ എത്ര തവണ വേണമെങ്കിലും സൌജന്യ യാത്ര നടത്താം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് എം പിയുടെ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ഡല്‍ഹിയിലേക്ക് സൌജന്യ വിമാനയാത്രയും നടത്താന്‍ സാധിക്കും. എന്നാല്‍, ഇത്തരം യാത്രകള്‍ വര്‍ഷത്തില്‍ എട്ടെണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഈ മാസം മുതല്‍ നാല് ലക്ഷം രൂപ വരെ കണ്‍‌വെയന്‍സ് അഡ്വാന്‍സ് ആയി വാങ്ങാന്‍ സാധിക്കും.

എം.പി.മാരുടെ അടിസ്ഥാന ശമ്പളം 16,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തിയിരുന്നു. 2009 മെയ് 18 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. അലവന്‍സുകള്‍ ഇരട്ടിയുമാക്കി. ഇതോടെ, ഒരു എം.പി.യുടെ മാസശമ്പളവും അലവന്‍സുകളും ഒന്നരലക്ഷത്തിലെത്തി.

ശമ്പളത്തിനൊപ്പം പെന്‍ഷനിലും വര്‍ദ്ധനയുണ്ട്. മുമ്പ് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 8,000 രൂപ ആയിരുന്നത് ഇപ്പോള്‍ 20,000 രൂപയാക്കി ഉയര്‍ത്തി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിക്കുന്ന ഓരോ വര്‍ഷവും 1,500 രൂപവീതം അധിക പെന്‍ഷന്‍ നല്‍കാനും ഉള്ള ഭേദഗതിയും നടപ്പിലായി.

വെബ്ദുനിയ വായിക്കുക