എം എല്‍ എയെ തല്ലിയ മന്ത്രിയുടെ രാജി നാടകം

വ്യാഴം, 31 മാര്‍ച്ച് 2011 (10:12 IST)
PRO
PRO
പ്രതിപക്ഷ എം എല്‍ എയെ അടിച്ചതിലൂടെ വിവാദനായകനായ ആന്ധ്രപ്രദേശ് കൃഷിമന്ത്രി വൈ എസ് വിവേകാനന്ദ റെഡ്ഡി ബുധനാഴ്ച രാജിവച്ചു. എന്നാല്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി രാജി നിരസിച്ചു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ വിവേകാനന്ദ രാജി നാടകം ഒരുക്കുകയായിരുന്നു എന്നാണ് സൂചന.

മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് ഇയാള്‍. നിയമസഭയില്‍ ടി ഡി പി എം എല്‍ എ സി എച് പ്രഭാകറിനെ വിവേകാനന്ദ അടിച്ച സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വിവേകാനന്ദ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നതിനിടെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ നിയമസഭയിലെ അംഗത്വ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് രാജി എന്നാണ് വിവേകാനന്ദ പറയുന്നത്. രാജിവച്ചൊഴിഞ്ഞാലും കഡപ്പയില്‍ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ച് നിയമസഭയിത്തെത്തുമെന്നും ഇയാള്‍ പറയുന്നു.

തിങ്കളാഴ്ചയാണ് നിയമസഭയില്‍ വച്ച് വിവേകാനന്ദ എം എല്‍ എയെ അടിച്ചത്. ബജറ്റ് ചര്‍ചകള്‍ ആരംഭിച്ചപ്പോള്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ആരംഭിക്കുകയായിരുന്നു. ‘വൈ എസ് ആറിന്റെ കൊള്ളസംഘം’ എന്ന പ്ലക്കാര്‍ഡുകളുമായെത്തിയ ടി ഡി പി എം എല്‍ എമാരുടെ അരികിലേക്ക് റെഡ്ഡി എഴുന്നേറ്റ് ചെല്ലുകയായിരുന്നു.

തുടര്‍ന്ന് മുതിര്‍ന്ന ടി ഡി പി നേതാവ് ജി മുദ്ദുകൃഷ്ണമ്മനായിഡുവുമായി വാക്ക് തര്‍ക്കം തുടങ്ങി. ഇതിനിടെ രണ്ടാ നിരയില്‍ ഇരുന്ന പ്രഭാകര്‍ മന്ത്രിയോട് എന്തോ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അടി കിട്ടിയത്. രണ്ടാമതും അടിക്കാന്‍ റെഡ്ഡി കൈ ഉയര്‍ത്തിയപ്പോള്‍ മുദ്ദുകൃഷ്ണമ്മനായിഡു ഇടപെട്ട് പിടിച്ചു മാറ്റുകയായിരുന്നു.

അതിനിടെ മറ്റ് മന്ത്രിമാര്‍ ഓടിയെത്തി റെഡ്ഡിയെ ടി ഡി പി അംഗങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക