എംഎല്‍എമാരുമായി നിതിഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും

തിങ്കള്‍, 9 ഫെബ്രുവരി 2015 (07:57 IST)
തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാരുമായി ജെ ഡി യു നേതാവ് നിതിഷ് കുമാര്‍ ഇന്ന് ബിഹാര്‍ ഗവര്‍ണര്‍ ഉദയ് നാരായണ്‍ ചൌധരിയെ കാണും. ഞായറാഴ്ച മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച നിതിഷ് കുമാര്‍ എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കുന്ന കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതു ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയ്ക്കുന്ന എം എല്‍ എമാരുമായി നിതിഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എം എല്‍ എമാരുമായി നിതിഷ് കുമാര്‍ ഗവര്‍ണറെ കാണും.
 
ജെ ഡി യുവിലെ രാഷ്‌ട്രീയപ്രതിസന്ധി രൂക്ഷമായതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ആയിരുന്ന മാഞ്ചി ശുപാര്‍ശ നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാഞ്ചിയെ മാറ്റി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജെ ഡി യു ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് മാഞ്ചി പരസ്യമായി രംഗത്തെത്തുകയായിരുന്നു. 
 
തുടര്‍ന്നാണ് ശനിയാഴ്ച മാഞ്ചി അടിയന്തിര മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തത്. നിയസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കുന്നതിനെ യോഗത്തില്‍ ഭൂരിപക്ഷം പേരും എതിര്‍ത്തു. 28 അംഗ മന്ത്രിസഭയില്‍ ഏഴു മന്ത്രിമാരുടെ പിന്തുണ മാത്രമാണ് മാഞ്ചിക്ക് ലഭിച്ചത്. പക്ഷേ മാഞ്ചി തന്റെ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു.
 
243 അംഗ നിയമസഭയില്‍ 111 പേര്‍ മാത്രമാണ് ജെ ഡി യു വിനുള്ളത്. ആര്‍ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ എന്നിവരുടെ പിന്തുണയോടെയാണ് മാഞ്ജി സര്‍ക്കാര്‍ രൂപീകരിച്ചത്.

വെബ്ദുനിയ വായിക്കുക