ഉള്ളിയില്‍ തൊട്ടാല്‍ കൈപൊള്ളും, വില 100 കടക്കുമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 19 ജൂണ്‍ 2014 (16:32 IST)
ഉള്ളിവില ഒക്ടോബറില്‍ 100 രൂപ കടക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 30 രൂപവിലയുള്ള ഉള്ളി വില കുത്തനെ ഉയരുമെന്നാണ് വിവരം. എന്നാല്‍ ഉരുളക്കിഴങ്ങിന്റെ വില കുറയാനും സാധ്യത കാണുന്നു. രണ്ടുരൂപയുടെ ഇടിവ് ഉരുളക്കിഴങ്ങിന്‍റെ വിലയില്‍ ഉണ്ടാകും.

മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും വിളനാശവും വിത്തിന്റെ വിലവര്‍ധനയുമാണ് ഉള്ളിവില വര്‍ദ്ധിക്കാനുള്ള കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉള്ളിയുടെ ഇറക്കുമതി ഗണ്യമായി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ വില 50 രൂപയില്‍ പിടിച്ചു നിറുത്താന്‍ സാധിക്കുകയുള്ളൂ. ഇറക്കുമതി ഉടനെ ആരംഭിക്കണമെന്നാണ് കമ്പോളവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉടനെ ഉള്ളി ഇറക്കുമതിചെയ്യുന്നത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം വിളവെടുപ്പ് താമസിക്കുമെന്നത് വിലവര്‍ദ്ധനവിന് പ്രധാന കാരണമാണ്.

അതേസമയം, ഇന്ത്യയില്‍ ഉരുളക്കിഴങ്ങിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരായ കര്‍ണ്ണാടകത്തില്‍ ഇത്തവണ വിളവ് കുറഞ്ഞത് ദക്ഷിണേന്ത്യയില്‍ ഉരുളക്കിഴ്ങ്ങിന്റെ വില വര്‍ദ്ധിപ്പിക്കും. പ്രാദേശിക കമ്പോളത്തില്‍ ഉരുളക്കിഴങ്ങിന് ലഭ്യതക്കുറവുണ്ട്. പ്രതികൂല കാലാവസ്ഥ ഉരുളക്കിഴ്ങ്ങിന്റെ വിളവിനേയും സാ‍രമായി ബാധിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി ഉരുളക്കിഴങ്ങിന്‍റെ ലഭ്യതക്കുറവിനും വിലവര്‍ദ്ധനവിനും കാരണമായി. കയറ്റുമതിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാ‍ല്‍ കയറ്റുമതി നിറുത്തുന്നത് ഉരുളക്കിഴങ്ങിന്റെ വിപണിയെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക