ഉത്തരാഖണ്ഡ് ദുരന്തം: 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (19:18 IST)
PRO
PRO
ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ തീര്‍ഥാടകരുടെ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ പ്രളയ അവിശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 76 ആയി ഉയര്‍ന്നു. ഇതുവരെ 528 പേര്‍ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേദാര്‍ താഴ്വരയിലെ രാമബദ മലമടക്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്കരിച്ചു.

പ്രളയഭീതിയില്‍ ആത്മരക്ഷാര്‍ഥം മലമുകളിലേക്ക് ഓടിക്കയറിയവരാണിവര്‍ എന്ന് നിഗമനം. എന്നാല്‍, കൊടും തണുപ്പിനെയും മഴയെയും അതിജീവിക്കാന്‍ സാധിക്കാതെ ഇവര്‍ മരണത്തിന് കീഴടങ്ങിയതാവാമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സത്യവ്രത് ബന്‍സാല്‍ പറഞ്ഞു. വ്യാഴാഴ്ച കേദാര്‍ താഴ്വരയില്‍ നിന്ന് 64 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

കാലാവസ്ഥ അനുകൂലമായതോടെ കേദാര്‍നാഥ് താഴ് വരകളിലെ തെരച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 11ന് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കാനുള്ള നീക്കമാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടത്തുന്നത്.

വെബ്ദുനിയ വായിക്കുക