ഉച്ചഭക്ഷണ ദുരന്തം, ബോധ്ഗയ സ്ഫോടനം; എല്ലാത്തിനും പിന്നില്‍ മോഡി!

ബുധന്‍, 31 ജൂലൈ 2013 (08:33 IST)
PRO
PRO
ബിഹാറിലെ ഉച്ചഭക്ഷണ ദുരന്തത്തിനും ബോധ്ഗയ ക്ഷേത്രത്തിലെ സ്‌ഫോടനത്തിനു പിന്നിലും നരേന്ദ്ര മോഡിയാണെന്ന് ബിഹാര്‍ സര്‍ക്കാര്‍. ദുരന്തങ്ങള്‍ക്കു പിന്നില്‍ ഗുജറാത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് പ്രതികരിച്ചു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളിലും ക്ഷേത്രത്തിലും വന്‍ദുരന്തങ്ങളുണ്ടായത്. ഇതിനെതിരെ നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.

ഉച്ചഭക്ഷണ ദുരന്തത്തിനു കാരണം ഭക്ഷണത്തില്‍ കീടനാശിനി കലര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഈ കീടനാശിനി ഗുജറാത്തില്‍ നിന്നുമെത്തിയതാണെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ വാദം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജെഡിയു എംഎല്‍എ മഞ്ജിത് സിംഗ് പറഞ്ഞു.

ബോധ്ഗയയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ടൈമറുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഉണ്ടാക്കിയതാണെന്ന സംശയവും ജെഡിയു മുന്നോട്ടു വെക്കുന്നുണ്ട്. നരേന്ദ്രമോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനായതില്‍ പ്രതിഷേധിച്ചാണ് ജെഡിയു ബിജെപിയുമായുള്ള ബാന്ധവം അവസാനിപ്പിക്കാന്‍ കാരണം.

വെബ്ദുനിയ വായിക്കുക