മുസ്ലിം യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ച സ്ത്രീകള്‍ക്ക് സ്വന്തം മതത്തിലേക്ക് തിരികെ പോകാനും വിവാഹ ബന്ധം വേര്‍പെടുത്താനുമുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് 1939ലെ മുസ്ലിം വിവാഹ നിയമത്തില്‍ സുപ്രധാനമായ മാറ്റം വരുത്തിക്കൊണ്ട് ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുള്ള നിയമത്തില്‍ മാറ്റം വരുത്തിയ കോടതി മുസ്ലിം മതം സ്വീകരിക്കേണ്ടി വരുന്ന സ്ത്രീകളുടെ വിശ്വാസത്തെ പരിഗണിക്കുകയാണുണ്ടായത്. 1939ലെ മുസ്ലിം വിവാഹ നിയമത്തിലെ സെക്‌ഷന്‍ നാല് പ്രകാരമാണ് കോടതിയുടെ പുതിയ വിലയിരുത്തല്‍. മതംമാറ്റം വിവാഹം വേര്‍പെടുത്താനുള്ള പ്രധാന കാരണമായി വേണം കാണാനെന്ന് കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള കാരണവും മാറിയെന്ന് കാണിക്കുന്ന രേഖയും കോടതിയില്‍ ഹാജരാക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.