ഇന്ത്യ-പാക് സെമി കാണാന്‍ ഗിലാനിയെത്തും

ഞായര്‍, 27 മാര്‍ച്ച് 2011 (11:07 IST)
PRO
PRO
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകളില്‍ ക്രിക്കറ്റിന്റെ പങ്ക് നിര്‍ണ്ണായകമായി മാറുകയാണോ? ഈ ദിവസങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ ആണെന്ന് തന്നെ പറയാം. മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ കാണാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെത്തും. മാര്‍ച്ച് 30-ന് നടക്കുന്ന ഇന്ത്യ- പാക് സെമി നേരിട്ട് വീക്ഷിക്കാന്‍ ഗിലാനിയെത്തുമെന്ന് ജിയോ ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും ക്ഷണക്കത്തയച്ചതിനെത്തുടര്‍ന്നാണിത്. ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് കയറിയതിന്റെ തൊട്ടടുത്ത ദിവസമാണ് മന്‍‌മോഹന്‍ ഇരുവരെയും ക്ഷണിച്ചു കൊണ്ട് കത്തയച്ചത്.

ഇന്ത്യ-പാക് സെമി പോരാട്ടം സ്പോര്‍ട്ട്‌സിന്റെ വിജയമാണ്. അതിനാല്‍ ഇരുരാജ്യത്തിലെ ആരാധകര്‍ക്കുമൊപ്പം പാക് നേതാക്കളും സ്‌റ്റേഡിയത്തില്‍ ഉണ്ടാവണമെന്നാണ് പ്രധാനമന്ത്രിയുടെ കത്തിലുള്ളത്.

വിദേശ പര്യടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഗിലാനി, ആസിഫ് അലി സര്‍ദാരിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. അതെത്തുടര്‍ന്നാണ് തീരുമാനം. ഫൈനലിന് മുമ്പുള്ള ഫൈനലിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ഉണ്ടാവും. മത്സരത്തിനിടെ ഇരു പ്രധാനമന്ത്രിമാരും അനൗപചാരിക കൂടിക്കാഴ്ച നടത്തും. മത്സര ശേഷം മൊഹാലിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കും. മൊഹാലിയിലെ സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

അതേസമയം, അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള ആരാധകര്‍ മത്സരം നേരിട്ടു കാണാന്‍ തയ്യാറായിക്കഴിഞ്ഞു. മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ഇന്ത്യ-പാക് പോരാട്ടമാണിത്. ഇന്ത്യയും പാകിസ്താനും എപ്പോള്‍ ഏറ്റുമുട്ടിയാലും മത്സരഫലം ഇരുരാജ്യങ്ങളുടെയും അഭിമാനപ്രശ്നം കൂടിയാണ്. എന്നാല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ ഇതുവരെ പാകിസ്താന് മുന്നില്‍ മുട്ടുമടക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക