ഇന്ത്യ അറുപതാം റിപ്പബ്ലിക്ദിനാഘോഷത്തില്‍

തിങ്കള്‍, 26 ജനുവരി 2009 (12:22 IST)
ഇന്ത്യയുടെ അറുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെ രാജ്‌പഥ് സാംസ്കാരിക വൈവിധ്യത്തിന്‍റെ നിറച്ചാര്‍ത്തുകളിലാഴ്ന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇത്തവണ റിപ്പബ്ലിക്ദിന പരേഡ് നടന്നത്.

രാഷ്ട്രപതി ഭവനും ഇന്ത്യാഗേറ്റിനും മധ്യേയുള്ള രാജവീഥിയെ വര്‍ണമഴയിലാഴ്ത്തി ഇത്തവണയും റിപ്പബ്ലിക്ദിന പരേഡ് നടന്നു. പരേഡില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സല്യൂട്ട് സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഘവും കാഴ്ചക്കാരെ ആകര്‍ഷിച്ചു.

കസാഖിസ്ഥാന്‍ പ്രസിഡന്‍റ് നൂറുല്‍ സുല്‍ത്താന്‍ നാസര്‍ബയേവ് മുഖ്യാഥിതിയായ റിപ്പബ്ലിക്ദിനാഘോഷത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍‌സാരി, പ്രതിരോധമന്ത്രി എ കെ ആന്‍റണി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും വിവിധ കലാ സാംസ്കാരിക സാമൂഹിക നേതാക്കളും പൊതു ജനങ്ങളും ഭാഗഭാക്കായി.

മന്‍‌മോഹന്‍ സിംഗ് ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പരിചരണത്തിലായതിനാല്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ ചുമതലകളെല്ലാം വഹിച്ചത് പ്രതിരോധമന്ത്രി എ കെ ആന്‍റണിയായിരുന്നു.

പരേഡ് തുടങ്ങും മുമ്പ് പ്രതിരോധമന്ത്രിയും സൈനിക മേധാവികളും അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

വെബ്ദുനിയ വായിക്കുക