ഇനി ‘മോഡിയുഗം’, നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (21:59 IST)
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ ചേര്‍ന്ന പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. മോഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം. അതേസമയം, മറ്റൊരു മോഡി വിരുദ്ധനായ മുരളി മനോഹര്‍ ജോഷി യോഗത്തില്‍ പങ്കെടുത്തു.

മിനിറ്റുകള്‍ മാത്രമാണ് യോഗം നീണ്ടുനിന്നത്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള പ്രമേയം ബി ജെ പി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗ് തന്നെയാണ് അവതരിപ്പിച്ചത്. ഇത് ഏകകണ്ഠേന അംഗീകരിക്കുകയായിരുന്നു.

യോഗത്തിന് ശേഷം ബി ജെ പി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, മോഡിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. രാജ് നാഥ് സിംഗ് അടക്കമുള്ള പാര്‍ലമെന്ററി ബോര്‍ഡിലെ പ്രബല വിഭാഗം മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ നേരത്തേ മുതല്‍ പിന്തുണച്ചിരുന്നു. എന്നാല്‍ അദ്വാനിയുടെ നേതൃത്വത്തിലുള്ള പ്രബലവിഭാഗത്തിന് മോഡി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് കടുത്ത എതിര്‍പ്പുണ്ട്. സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, അനന്ത്‌കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലൂടെ വരുതിയിലാക്കാന്‍ രാജ്‌നാഥ് സിംഗിന് കഴിഞ്ഞിരുന്നു.

പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുവരെ അദ്വാനി യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്വാനി തന്‍റെ വസതിയില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല. പാര്‍ലമെന്ററി ബോര്‍ഡിന് പുറത്തുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി നിലപാടിനെ അംഗീകരിക്കുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് നരേന്ദ്രമോഡിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം ആഘോഷമാക്കാന്‍ ബി ജെ പി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയാണ്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തെരഞ്ഞെടുപ്പിന് മുമ്പ് നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കാനാണ് നരേന്ദ്രമോഡിയുടെ തീരുമാനം.

നരേന്ദ്രമോഡിയുടെ സ്ഥാനാര്‍ത്ഥിത്വം ആര്‍ എസ് എസിന്‍റെ വിജയം കൂടിയാണ്. നരേന്ദ്രമോഡിക്കുവേണ്ടി ഏറ്റവും ശക്തമായ നിലപാടെടുത്തത് ആര്‍ എസ് എസാണ്.

അദ്വാനിയുടെ മോഡിവിരുദ്ധ നിലപാടിനോട് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി അണികളുടെ വികാരം മനസ്സിലാക്കുന്നതില്‍ അദ്വാനി പരാജയപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ബീഹാര്‍ ഉപമുഖ്യമന്ത്രി സൂശീല്‍ കുമാര്‍ മോഡി വിമര്‍ശനം ഉന്നയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക