ഇനി പണം നല്‍കി വാര്‍ത്ത കൊടുക്കാന്‍ നോക്കണ്ട!

തിങ്കള്‍, 19 ഓഗസ്റ്റ് 2013 (15:07 IST)
PRO
PRO
ഇനി പണം നല്‍കി വാര്‍ത്ത കൊടുക്കാന്‍ നോക്കണ്ട. കാരണം കടിഞ്ഞാണിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഇതിനായി ജില്ലാതലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. പ്രതിച്ഛായ കൂട്ടാന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കി വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെയും നേതാക്കളെയും പിടികൂടും. സമിതിയിലെ അംഗങ്ങളെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദ്ദേശിക്കും.

പെയ്‌ഡ് ന്യൂസുകള്‍ സമിതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടിയെയും നേതാക്കളെയും കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരായ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലും അറിയിക്കും. ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിച്ചാല്‍ മാധ്യമ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും.

തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു മീഡിയ സെല്‍ ഉണ്ടാകും. എന്നാല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ സമിതിയുടെ കീഴിലാകും. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ പരിശീലനം നല്‍കും.

വെബ്ദുനിയ വായിക്കുക