ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ ‘വാനിയ’

ശനി, 31 മാര്‍ച്ച് 2012 (09:32 IST)
PRO
PRO
ഇക്കൊല്ലത്തെ ഫെമിന മിസ്‌ ഇന്ത്യ വേള്‍ഡായി മോഡല്‍ വാനിയ മിശ്ര തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ ബാവന്‍സ്‌ ഗ്രൗണ്ടിലാണ്‌ ഈ വര്‍ഷത്തെ സുന്ദര്യ മത്സരം അരങ്ങേറിയത്. പഞ്ചാബിലെ ചണ്ടീഗഡ്‌ സ്വദേശിനിയാണ്‌ പത്തൊമ്പതുകാരിയായ വാനിയ.

പൂന സ്വദേശിയായ മോഡല്‍ പ്രാച്ചി മിശ്രയെ മിസ്‌ ഇന്ത്യ എര്‍ത്ത്‌ കിരീട ജേതാവായും ചെന്നൈ മോഡല്‍ റോച്ചല്‍ മരിയാ റാവുവിനെ മിസ്‌ ഇന്ത്യ ഇന്റര്‍നാഷണല്‍ ആയും തെരഞ്ഞെടുത്തു. അവസാന റൗണ്ടിലെത്തിയ ഇരുപത് സുന്ദരിമാരില്‍ നിന്നുമാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌. കഴിഞ്ഞ വര്‍ഷത്തെ ഫെമിന മിസ്‌ ഇന്ത്യ കനിഷ്ഠ ധന്‍കര്‍ വാനിയയ്ക്കു കിരീടമണിയിച്ചു.

ബോളിവുഡ്‌ സുന്ദരിമാരായ നര്‍ഗിസ്‌ ഫക്രി, സോനം കപൂര്‍, നിര്‍മാതാവ്‌ എക്താ കപൂര്‍, സംവിധായകന്‍ രോഹിത്‌ ഷെട്ടി, സോനാലി ബാന്ദ്രെ, ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിംഗ്‌, ഗായകന്‍ സോനു നിഗം തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍.

ബെന്നെറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യന്‍ സുന്ദരികളെ കണ്ടെത്താന്‍ നടത്തുന്ന വാര്‍ഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ. മിസ്സ് വേള്‍ഡ്, മിസ്സ് യൂണിവേര്‍സ് തുടങ്ങിയ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തില്‍ നിന്നാണ്.

വെബ്ദുനിയ വായിക്കുക