ആശാറാം ബാപ്പുവിനെപ്പോലെ അപമാനിതനാകാന്‍ വയ്യ; സന്യാസി ലിംഗം മുറിച്ചു!
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (16:29 IST)
PRO
PRO
ആശാറാം ബാപ്പുവിനെ പോലെ ലൈംഗികാരോപണ കേസില്‍ കുടുങ്ങരുതെന്ന് ആഗ്രഹിച്ച് അമേഠിയിലെ സ്വാമി പ്രേംദാസ് ലിംഗം മുറിച്ചു. സ്വന്തം ജനനേന്ദ്രിയം അദ്ദേഹം കത്തികൊണ്ടാണ് മുറിച്ചു കളഞ്ഞത്. അമേഠിയിലെ മധോപുര്‍ പ്രദേശത്തെ ഉദാസീന്‍ മഠത്തിലെ സന്യാസി ശ്രേഷ്ഠനാണ് 50 വയസുകാരനായ ഇദ്ദേഹം. ലിംഗം മുറിച്ചുകളഞ്ഞതോടെ ആത്മവിശ്വാസമായെന്നാണ് സ്വാമി പറയുന്നത്. ചീത്തപ്പേര് കേള്‍ക്കാന്‍ വയ്യാത്തതു കൊണ്ടാണ് ഈ കടുംകൈ ചെയ്ത്‌തെന്ന് സ്വാമി പറയുന്നു.
തനിക്കെതിരെ ആരും ഇനി ലൈംഗികാരോപണവുമായി വരില്ലെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം . താന്‍ ആശാറാം ബാപ്പുവിന്റെ അനുയായിയൊന്നുമല്ല. പക്ഷേ ബാപ്പുവിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ അത് തന്നെ വല്ലാതെ തളര്‍ത്തിയെന്ന് പ്രേം ദാസ് പറഞ്ഞു. സന്യാസിമാര്‍ എപ്പോഴും ഉയര്‍ന്ന സദാചാര ബോധം കാത്തുസൂക്ഷിക്കണം. ആശാറാം ബാപ്പുവിന്റെ പ്രവര്‍ത്തി ഹിന്ദു സന്യാസിമാര്‍ക്ക് മൊത്തത്തില്‍ അപമാനമായിപ്പോയെന്നും അദ്ദേഹം പറയുന്നു.
ആളുകള്‍ തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ തനിക്കത് തടയാനാകില്ല. പക്ഷേ ഭാവിയില്‍ തനിക്കെതിരെ ആരോപണം ഉയരാതിരിക്കാനുള്ള മുന്‍കരുതലായാണ് ലിംഗം തന്നെ മുറിച്ചുകളഞ്ഞതെന്നും സ്വാമി പ്രേം ദാസ് പറഞ്ഞു. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും അമേഠിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് സ്വാമി. ഗുഹ്യഭാഗത്തെ മുറിവാണ് സ്വാമിയെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്.