ആരെന്തുപറഞ്ഞാലും ബീഹാര്‍ കേമം: ചേതന്‍ ഭഗത്

ചൊവ്വ, 22 ഫെബ്രുവരി 2011 (16:22 IST)
PRO
എല്ലാവരും ബീഹാറിന്‍റെ ചീത്തവശങ്ങള്‍ മാത്രമാണ് കാണുന്നത്, എന്നാല്‍ ബീഹാര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ബീഹാറിലെ ജനങ്ങളെല്ലാവരും വികസനത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നും യുവാക്കളുടെ ഹരമായി മാറിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ആദ്യ ബീഹാര്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഐഎം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായി പട്നയിലെ ആര്‍കേഡ് ബിസിനസ്സ് കോളജില്‍ എത്തിയതായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി നിതീഷ് കുമാറിനെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. മുമ്പ് കുറ്റകൃത്യങ്ങള്‍ക്കും കുറഞ്ഞ വളര്‍ച്ചാ നിരക്കിനും പേരുകേട്ട സംസ്ഥാനത്തിന്‍റെ മാറ്റങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയാണെന്നും ചേതന്‍ ഭഗത് പറഞ്ഞു. നിതീഷ് കുമാര്‍ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, ബീഹാറികളെക്കുറിച്ചുള്ള ജനങ്ങളുടെ മനോഭാവവും അതോടൊപ്പം ബീഹാറും മാറിക്കൊണ്ടിരിക്കുകയാണ്.

തന്‍റെ സ്വപ്നമായിരുന്നു ബീഹാറില്‍ വരണമെന്നത്, ഇവിടെ നിന്ന് തനിക്ക് കുറെയേറെ പഠിക്കാനുണ്ട്. ബീഹാറികള്‍ കഠിനാധ്വാനികളും ബുദ്ധിമാന്‍മാരുമാണ്, മുപ്പത്തിയാറുകാരനായ ചേതന്‍ ഭഗത് പറഞ്ഞു. ഒരു ഇന്‍‌വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന ചേതന്‍ ഭഗത് പുസ്തകരചനയിലേക്ക് തിരിഞ്ഞതോടെ പ്രശസ്തനാവുകയായിരുന്നു.

‘ഫൈവ് പോയിന്‍റ്സ് സംവണ്‍’, ‘ടു സ്റ്റേറ്റ്സ്’, ‘ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്’, ‘വണ്‍ നൈറ്റ് അറ്റ് ദി കാള്‍ സെന്‍റര്‍’ എന്നിവ ചേതന്‍ ഭഗത് രചിച്ച നോവലുകളാണ്. ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്‍റ്സ് സംവണ്‍ എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ത്രീ ഇഡിയറ്റ്സ്‘ എന്ന ബോളിവുഡ് സിനിമ. വണ്‍ നൈറ്റ് അറ്റ് ദി കാള്‍ സെന്‍ററിനെ ആസ്പദമാക്കി എടുത്ത ബോളിവുഡ് ചിത്രമാണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ച ‘ഹലോ’.

(ചിത്രത്തിനു കടപ്പാട് ചേതന്‍ഭഗത് ഡോട്ട് കോമില്‍ നിന്ന്)

വെബ്ദുനിയ വായിക്കുക