ആഭ്യന്തരസെക്രട്ടറി അനില്‍ ഗോസ്വാമിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി

വ്യാഴം, 5 ഫെബ്രുവരി 2015 (08:14 IST)
കേന്ദ്ര ആഭ്യന്തരസെക്രട്ടറി അനില്‍ ഗോസ്വാമിയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിങ്ങിന്റെ അറസ്റ്റു തടയാന്‍ ഗോസ്വാമി ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കല്‍ .
ശാരദ ചിട്ടിതട്ടിപ്പുകേസില്‍ സി ബി ഐ അറസ്റ്റുചെയ്ത മുന്‍കേന്ദ്ര സഹമന്ത്രിയാണ് മാതംഗ് സിങ്ങ്.
 
ഇദ്ദേഹത്തിന്റെ അറസ്റ്റു തടയാന്‍ ശ്രമിച്ചുവെന്നും ഇതിനായി സി ബി ഐ ഉദ്യോഗസ്ഥനെ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ ഗോസ്വാമിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഗോസ്വാമിയെ നീക്കാനുള്ള തീരുമാനം ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സ്വീകരിച്ചത്. 
 
ആഭ്യന്തരസെക്രട്ടറിയെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഉത്തരവ് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ദിവസം മുഴുവന്‍ നീണ്ടുനിന്ന നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് അനില്‍ ഗോസ്വാമിയെ പുറത്താക്കാന്‍ തീരുമാനമായത്. ബുധനാഴ്ച രാവിലെ തന്നെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ് ഗോസ്വാമിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
 
പിന്നാലെ സി ബി ഐ ഡയറക്‌ടര്‍ അനില്‍ സിന്‍ഹയെയും ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തി. തുടര്‍ന്ന് ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക