ആണവകരാറുമായി മുന്നോട്ട്; യുഎന്‍ സ്ഥിരാംഗത്വത്തിന് യുഎസ് പിന്തുണ

Webdunia
ഞായര്‍, 25 ജനുവരി 2015 (17:22 IST)
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യയെ അമേരിക്ക പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമൊത്ത് ഹൈദരബാദ് ഹൌസില്‍ സംയുക്തപ്രസ്താവന നടത്തവേ ആണ് ഒബാമ ഇക്കാര്യം അറിയിച്ചത്.
 
ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുതിയ തലത്തിലാണെന്നും ഇരുനേതാക്കളും പറഞ്ഞു. പ്രതിരോധമേഖലയിലും സമുദ്രസുരക്ഷയിലും സഹകരണം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. 
 
അതേസമയം, ആണവ സഹകരണത്തിന്‍ മേല്‍ നിര്‍ണായക ധാരണകളില്‍ എത്തിയെന്ന് ഒബാമ പറഞ്ഞു. സംയുക്തപ്രസ്താവനയ്ക്ക് ഇരു നേതാക്കളും ഒരുമിച്ചാണ് എത്തിയത്. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരുന്നു സംസാരിച്ചത്. ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
 
ഇരുരാജ്യങ്ങളുടെയും മുന്നോട്ടുള്ള വികസനത്തില്‍ ഈ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. സാങ്കേതികമായി വികസിച്ചു കൊണ്ടിരിക്കുന്ന ലോകത്തില്‍ ആവശ്യമായ ഒരു ബന്ധമാണ് ഇത്. വികസനകാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
 
തുടര്‍ന്നു സംസാരിക്കാനെത്തിയ ഒബാമ, നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. റിപ്പബ്ലിക്‌ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് താ‍നാണ്. അതിന് അവസരമൊരുക്കി തന്നതിന് നന്ദിയുണ്ടെന്നും
ഇന്ത്യയുമായി ശക്തമായ ഒരു ബന്ധം ആഗ്രഹിക്കുന്നെന്നും പറഞ്ഞാണ് ഒബാമ പ്രസംഗം ആരംഭിച്ചത്.