ഇന്ത്യയില്‍ നടന്ന സ്ഫോടനങ്ങളെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ ഏജന്‍സിയുടെ മാനസിക പീഡനം മൂലമാണെന്ന് അജ്മീര്‍ സ്ഫോടനക്കേസില്‍ അറസ്‌റ്റിലായ സ്വാമി അസീമാനന്ദ. അജ്മീര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അസീമാനന്ദ ഇപ്പോള്‍ കുറ്റസമ്മതമൊഴി മാറ്റിപ്പറഞ്ഞിരിക്കുന്നത്.
ഭീഷണി മൂലമാണെന്ന് തനിക്ക് അങ്ങനെയൊക്കെ പറയേണ്ടി വന്നത് എന്നാണ് അസീമാനന്ദ പറയുന്നത്. കേസില്‍ സാക്ഷിയാവാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. സാക്ഷിയാവാന്‍ തയ്യാറാണെന്ന പേരില്‍ താന്‍ നല്‍കിയ അപേക്ഷ നിര്‍ബന്ധപൂര്‍വം തയ്യാറാക്കിയതാണെന്നും അസീമാനന്ദ കോടതിയെ അറിയിച്ചിട്ടുണ്ട്.
മാലേഗാവ്, മെക്ക മസ്ജിദ്, അജ്‌മേര്‍, സംഝോതാ എക്‌സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളില്‍ ആര്‍ എസ് എസ്സിന് പങ്കുള്ളതായി സ്വാമി മൊഴി നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസിമാനന്ദ കുറ്റസമ്മതം നടത്തി എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164 വകുപ്പു പ്രകാരം കുറ്റസമ്മതം നടത്തിയെന്നാണ് വിവരം.
കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രചാരക് സുനില്‍ ജോഷി, സാധ്വി പ്രജ്ഞാസിങ് താക്കൂര്‍, ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ്‌കുമാര് തുടങ്ങിയവര്‍ക്ക് സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് അസീമാനന്ദയുടെ മൊഴിയിലുണ്ടായിരുന്നു.
അന്വേഷണ ഏജന്‍സി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് അസീമാനന്ദ രാഷ്‌ട്രപതിക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്.