അമേരിക്കയുടെ ജിപിഎസിന് വെല്ലുവിളിയായി ഇന്ത്യയുടെ ഐ ആര്‍ എന്‍ എസ് എസ്

ബുധന്‍, 19 ജൂണ്‍ 2013 (15:32 IST)
PRO
PRO
അമേരിക്കയുടെ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം) ന് വെല്ലുവിളിയായി ഇന്ത്യ ഐ ആര്‍ എന്‍ എസ് എസ് (ഇന്ത്യന്‍ റീജണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ്‌ സിസ്റ്റം) എന്ന സംവിധാനം ഒരുക്കുന്നു. ഐ ആര്‍ എന്‍ എസ് എസ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ ഓരോ മുക്കും മൂലയും തിരയാന്‍ സാധിക്കും. ഇതിനായി നിലവില്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ജിപിഎസ് സംവിധാനമാണ്.

ഐ ആര്‍ എന്‍ എസ് എസ് സംവിധാനത്തിനായി ഏഴ്‌ സാറ്റലൈറ്റുകളാണ്‌ ഐ എസ്‌ ആര്‍ ഒയുടെ തീരുമാനം. ഐ ആര്‍ എന്‍ എസ്‌ എസ്‌-1ന്റെ എ,ബി,സി,ഡി,ഇ,എഫ്,ജി എന്ന ഏഴു സാറ്റലൈറ്റുകളാണ്‌ തയ്യാറായി കൊണ്ടിരിക്കുന്നത്. ഐ ആര്‍ എന്‍ എസ്‌ എസ്‌- 1എ സാറ്റ്ലൈറ്റ് ജൂലൈ ഒന്നിന് വിക്ഷേപിക്കാനാണ് തീരുമാനം.

ബാക്കി ആറു ഉപഗ്രഹങ്ങളും 2015 നു മുമ്പ് ഭ്രമണപഥത്തിലെത്തിക്കണമെന്നാണ് ഐ എസ്‌ ആര്‍ ഒ കണക്കുകൂട്ടല്‍. എതു കാലാവസ്ഥകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ളവയാണ് ഈ ഉപഗ്രഹങ്ങള്‍. മൂന്ന് ഉപഗ്രഹങ്ങള്‍ ജിയോസ്റ്റേഷനറി ഓര്‍ബിറ്റിലും ശേഷിച്ചവ ജിയോസിംക്രണൈസ്‌ ഓര്‍ബിറ്റുകളിലുമായിരിക്കും പ്രവര്‍ത്തിക്കുക.

ഉപഗ്രഹങ്ങള്‍ കാര്യക്ഷമമാകുന്നത്തോടെ കരപ്രദേശത്ത്‌ 10 മീറ്റര്‍ വരെയും കടല്‍പ്രദേശത്ത്‌ 20 മീറ്റര്‍ വരെയുമുള്ള കൃത്യതയുള്ള വിവരങ്ങള്‍ ഐ ആര്‍ എന്‍ എസ് എസിന് നല്‍കാന്‍ കഴിയും. കൂടാതെ ഈ സംവിധാനത്തില്‍ വിഷ്വല്‍, വോയ്സ്‌ നാവിഗേഷനും ഉള്‍പ്പെട്ടത്താണ്. രാജ്യത്തിന്റെ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്ക്‌ പുറത്ത്‌ 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവരങ്ങളും പകര്‍ന്നു നല്‍കാന്‍ ഈ സംവിധാനത്തിനു കഴിയും.

വെബ്ദുനിയ വായിക്കുക