അമിത് ഷാ ഗുജറാത്ത് വിടാന്‍ നിര്‍ദ്ദേശം

ഞായര്‍, 31 ഒക്‌ടോബര്‍ 2010 (11:35 IST)
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച ഗുജറാത്ത് മുന്‍ മന്ത്രി അമിത് ഷാ നവംബര്‍ 15 വരെ സംസ്ഥാനത്ത് പ്രവേശിക്കരുത് എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച്, ഷാ ഞായറാഴ്ച രാവിലെ മുംബൈയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഷായ്ക്ക് ജാമ്യം അനുവദിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പരിഗണിക്കുന്നത് വരെ സംസ്ഥാനത്തുനിന്ന് വിട്ടു നില്‍ക്കാനാണ് നിര്‍ദ്ദേശം. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഷായ്ക്ക് ജാമ്യം നല്‍കിയത്.

ഷായ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും സാധ്യത ഉണ്ടെന്നാണ് സിബിഐയുടെ വാദം.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യ സൂത്രധാരന്‍ അമിത് ഷാ ആണെന്നാണ് സിബിഐയുടെ വാദം. മോഡിയുടെ വലം‌കൈ ആയിരുന്ന ഷാ കഴിഞ്ഞ മൂന്ന് മാസമായി ജയിലിലായിരുന്നു.

വെബ്ദുനിയ വായിക്കുക