അഭിലാഷ്‌ ടോമിക്ക്‌ കീര്‍ത്തിചക്ര

ബുധന്‍, 14 ഓഗസ്റ്റ് 2013 (19:54 IST)
PRO
പായ്ക്കപ്പലില്‍ ലോകം ചുറ്റിയ അഭിലാഷ്‌ ടോമിക്ക്‌ കീര്‍ത്തിചക്ര. ഒരു തുറമുഖത്തും അടുക്കാതെ ഒറ്റയ്ക്ക് പായ്ക്കപ്പലില്‍ ലോകം ചുറ്റിയതിലെ സാഹസികതയാണ് അഭിലാഷിന് കീര്‍ത്തിചക്ര നേടിക്കൊടുത്തത്. ഇത്തരത്തില്‍ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ്‌ അഭിലാഷ്‌ ടോമി.

ഒറ്റയ്ക്ക് ലോകം ചുറ്റിയതിന്‍റെ ചരിത്രനേട്ടവുമായി മുംബൈ തീരത്തെത്തിയ അഭിലാഷിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിയിരുന്നു അന്ന് സ്വീകരിച്ചത്. നാവികസേനാ ലഫ്. കമാന്‍ഡറായ അഭിലാഷ് ടോമി തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയാണ്. ആലപ്പുഴ ചേന്നംകരി വല്യാറ വീട്ടില്‍ വി സി ടോമിയുടെ മകനാണ് അഭിലാഷ് ടോമി.

34കാരനായ അഭിലാഷ് 2012 നവംബറിലാണ് മുംബൈ തീരത്തുനിന്ന് ലോകം ചുറ്റാന്‍ യാത്ര തിരിച്ചത്. സാഗര്‍പരിക്രമ-2 എന്ന് പേരിട്ട യാത്രയ്ക്കിടെ ഒരിക്കല്‍ പോലും അഭിലാഷ് കരകണ്ടില്ല. ഈ വര്‍ഷം മേയ് ആറിന് തിരിച്ചെത്തി. ചരിത്രനേട്ടം സ്വന്തമാക്കിയ അദ്ദേഹത്തിന് നാവികസേനാംഗങ്ങള്‍ മുംബൈയില്‍ ഒരുക്കിയത് വമ്പന്‍ സ്വീകരണചടങ്ങായിരുന്നു.

കടല്‍‌യാത്രയുടെ ഹരം നുകര്‍ന്നുള്ള അതിസാഹസിക യാത്രയായിരുന്നു അഭിലാഷിന്റേത്. ഇടയ്ക്ക് മരണത്തെ മുന്നില്‍ക്കണ്ട നിമിഷങ്ങള്‍. കൊടുങ്കാറ്റും മരവിക്കുന്ന തണുപ്പും മഴയും കടല്‍‌സ്രാവുകളുമെല്ലാം യാത്രയ്ക്ക് പ്രതിബന്ധം സൃഷ്ടിച്ചപ്പോഴും അഭിലാഷ് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയി. കടല്‍യാത്രയില്‍ നാവികര്‍ കരുതുന്ന പ്രത്യേകഭക്ഷണമാണ് അഭിലാഷ് കഴിച്ചത്. യാത്രയുടെ വിശേഷങ്ങള്‍ അദ്ദേഹം അപ്പപ്പോള്‍ ബ്ലോഗിലൂടെ അറിയിച്ചുകൊണ്ടിരുന്നു.

മാദേയി എന്ന് പേരിട്ട പായ്‌വഞ്ചിയാണ് അഭിലാഷിന്റെ യാത്രയ്ക്ക് കൂട്ടായത്. ഗോവയിലാണ് ഇത് നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക