ചെന്നൈ ഹൈക്കോടതി വളപ്പിലെ പൊലീസ് - അഭിഭാഷക സംഘര്‍ഷത്തെ തുടര്‍ന്ന് കോടതി ബഹിഷ്കരണം പ്രഖ്യാപിച്ചിരിയ്ക്കുന്ന അഭിഭാഷകര്‍, സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച ബഹിഷ്കരിച്ചു. സംസ്ഥാന നിയമമന്ത്രി ദുരൈ മുരുഗനാണ് അനുരഞ്ജന ചര്‍ച്ച വിളിച്ചു ചേര്‍ത്തത്.
ഫെബ്രുവരി 19ലെ ലാത്തിച്ചാര്‍ജില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നത് വരെ ചര്‍ച്ചയ്ക്കില്ലെന്നാണ് അഭിഭാഷക സംഘടനകളുടെ നിലപാട്
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡി ജി പിയും പബ്ലിക് പ്രോസിക്യൂട്ടറും ചര്‍ച്ചയ്ക്ക് എത്തിയിരുന്നുവെങ്കിലും പ്രതിസന്ധി പരിഹരിക്കാനായില്ല. ഇന്നലെ മുന്നൂറോളം വരുന്ന അഭിഭാഷകര്‍ മദ്രാസ് ഹൈക്കോടതിക്ക് മുമ്പില്‍ നിരാഹാര സമരം നടത്തിയിരുന്നു.
പൊലീസും അഭിഭാഷകരും ഒത്തു തീര്‍പ്പിലെത്തിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന്, ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന മുഖ്യമന്ത്രി എം കരുണാനിധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.