അധ്യാപികയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തു!

ചൊവ്വ, 22 ജൂണ്‍ 2010 (17:02 IST)
കലോല്‍ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ വനിതാ ലക്ചററെ സ്കൂള്‍ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ മനം‌നൊന്ത് ലക്ചറര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ കാഡിയിലാണ് സംഭവം.

25കാരിയായ കോളജ് അധ്യാപിക കലോല്‍ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷനിലാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അധ്യാപികയെ ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അവര്‍ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അധ്യാപികയുടെ ആത്മഹത്യാക്കുറിപ്പിനെ അടിസ്ഥാനമാക്കി അവരുടെ പിതാവ് കാഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.

സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലെ മൂന്ന് അധ്യാപകരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് അധ്യാപിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നരസിംഹപുരയിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മുകേഷ് പട്ടേല്‍, സചനയിലെ സ്കൂള്‍ അധ്യാപകനായ ദിനേഷ് പട്ടേല്‍, ഭങ്കോഡയിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ കേതന്‍ താക്കര്‍ എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് അധ്യാപിക ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ അധ്യാപകര്‍ തന്‍റെ നഗ്നഫോട്ടോകള്‍ എടുക്കുകയും അതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ അധ്യാപിക വിശദമാക്കുന്നു. കേതന്‍ താക്കര്‍ എന്നയാളെയാണ് ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക