അതെ, ഞാന്‍ പോയത് ചാരപ്രവൃത്തിക്ക്: സുര്‍ജിത് സിംഗ്

വ്യാഴം, 28 ജൂണ്‍ 2012 (15:32 IST)
PTI
PTI
പാകിസ്ഥാനിലെ ജയിലില്‍ നിന്ന് മോചിതനായ ഇന്ത്യക്കാരന്‍ സുര്‍ജിത് സിംഗ് വാഗ അതിര്‍ത്തി വരെ എത്തിയത് കൈവിലങ്ങുമായി. ജയില്‍ വാനില്‍ അതിര്‍ത്തിയില്‍ വന്നിറങ്ങിയ സുര്‍ജിതിന്റെ കൈയില്‍ വിലങ്ങ് കാണാമായിരുന്നു. അതിന്റെ ഇരുമ്പ് ചങ്ങല ഒരു പാക് പൊലീസ് ഓഫിസറുടെ അരയിലെ ബെല്‍റ്റില്‍ ബന്ധിച്ചിട്ടുണ്ടായിരുന്നു. വെളുത്ത കുര്‍ത്താ-പൈജാമയും കറുത്ത തലപ്പാവും ധരിച്ച്, രണ്ട് ബാഗുകളുമായാണ് 69-കാരനായ സുര്‍ജിത്ത് എത്തിയത്.

പാകിസ്ഥാനെതിരെ ചാരപ്രവൃത്തി നടത്തിയെന്ന കുറ്റത്തിനായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്‌ സൈന്യം ഇയാളെ പിടികൂടിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇയാള്‍ അത് സമ്മതിച്ചു, “അതേ ഞാന്‍ പോയത് ചാരനായി തന്നെയാണ്. ഞാന്‍ ഇനി ഒരിക്കലും പാകിസ്ഥാനിലേക്ക് മടങ്ങില്ല“, പഞ്ചാബി ഭാഷയില്‍ സുര്‍ജിത് മാധ്യമങ്ങളോട് പറഞ്ഞു. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുര്‍ജിത് ജയില്‍ മോചിതനായത്.

സരബ്ജിതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: “ജയിലില്‍ ആഴ്ചയില്‍ ഒരിക്കല്‍ സരബ്ജിതിനെ കാണാറുണ്ട്. പാക് മാധ്യമങ്ങള്‍ സരബ്ജിത് വിരുദ്ധപ്രചാരണം നടത്തുകയാണ്. അയാള്‍ക്ക് ജയിലില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. സരബ്ജിതിനെ ഉടന്‍ മോചിപ്പിക്കും എന്നാണ് തന്റെ പ്രതീക്ഷ“.

വെബ്ദുനിയ വായിക്കുക