സംസം കിണര്‍ ഒരു അത്ഭുതം

ഹിന്ദുക്കള്‍ക്ക് ഗംഗാ നദിയിലെ ജലം പോലെ മുസ്‌ലിങ്ങള്‍ക്ക് ഏറെ പുണ്യമുള്ള നീറുറവയാണ് സംസം. ചരിത്രത്തിലൊരിക്കലും വറ്റാത്ത മരുഭൂമിയിലെ ഈ നീറുവ അത്ഭുത പ്രതിഭാസമാണ്. മക്കയിലെ കഹ്ബാലയത്തിന് 20 മീറ്റര്‍ അടുത്തായാണ് ഈ നീറുറവ .

ചരിത്രം

ഇബ്രാഹീം നബിയുടെ പത്നി ഹാജറാ ബീവിയും മകന്‍ ഇസ്മാഈലും മരുഭൂയിലൂടെ തളര്‍ന്ന് നടക്കുകയായിരുന്നു. ദാഹം കൊണ്ട് അവശനായ ഇസ്‌മാഈല്‍ വെള്ളത്തിനായി കരച്ചിലായി. സമീപത്തൊന്നും നീരുറവകളും ഇല്ല.

അങ്ങനെ കുട്ടിയെ ഒരിടത്ത് ഇരുത്തി ഹാജറാ ബീവി ദാഹജലം തേടി മരുഭൂമിയില്‍ ഒരുപാട് അലഞ്ഞു. എവിടേയും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല.

നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി ആ ദൃശ്യം കണ്ട് അത്ഭുതപെട്ടു. മകന്‍ കാലിട്ടടിച്ച സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. ഉടന്‍ ഹാജറ പറഞ്ഞു. ‘സംസം... സംസം... പിന്നീട് ഒരിക്കല്‍ പോലും ഈ നീറുവ വറ്റിയിട്ടില്ലത്രെ.


സംസം ഇന്ന്

ആദ്യ കാലത്ത് ഇത് കല്ലുകളാള്‍ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു. പിന്നീട് വന്ന ഖലീഫമാരും ഭരണാധികാരികളും സംസം കിണറിന് ഏറെ മാറ്റം വരുത്തി. ഒരു ഭരണക്കാലത്തും സംസം വെള്ളം വാണിജ്യാടിസ്ഥാനത്തില്‍ വിതരണം നടത്തിയിട്ടില്ല.

ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ലെന്നത് ശ്രദ്ധേയമാണ്. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്.

ഹജ്ജ് കര്‍മ്മത്തിനും ഉം‌റയ്ക്കും വരുന്നവര്‍ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ്. പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടു പോകാറുണ്ട്. മക്കയില്‍ പോയാല്‍ മുസ്‌ലിം വിശ്വാസികള്‍ സംസം കുടിക്കാതെ തിരിച്ച് പോരാറില്ല. എങ്കിലും ഈ കിണറിനെ ആരാധിക്കുന്ന ശീലം ഇല്ല.

അതേസമയം ചിലര്‍ പല ചികിത്സകള്‍ക്കും സംസം ഉപയോഗിക്കുന്നു. സംസം വെള്ളത്തിന് പറയത്തക്ക ഒരു രുചിയോ നിറമോ ഇല്ല. വര്‍ഷവും ലക്ഷോപ ലക്ഷം വിശ്വാസികള്‍ ഹജ്ജിനായും ഉം‌റയ്ക്കായും ഇവിടെ എത്തുന്നു. എല്ലാവര്‍ക്കും ആവശ്യം പോലെ കോരിയെടുക്കാന്‍ സംസം ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക