മറഞ്ഞത് മലയാളത്തിന്‍റെയും മുരളീരവം

ബുധന്‍, 23 നവം‌ബര്‍ 2016 (21:11 IST)
മലയാള സിനിമാലോകവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു അന്തരിച്ച ഇതിഹാസ സംഗീതജ്ഞന്‍ ഡോ. എം ബാലമുരളീകൃഷ്ണ. 1968ല്‍ കൊടുങ്ങല്ലൂരമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ആ ബന്ധം. പിന്നീട് എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു, സ്വാതിതിരുനാള്‍, ഭരതം തുടങ്ങിയ സിനിമകളുമായി സഹകരിച്ചു.
 
സ്വാതിതിരുനാളിലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഭരതത്തിലെ ടൈറ്റില്‍ കീര്‍ത്തനമായ ‘രാജമാതംഗി...’ ഏറെ പ്രശസ്തമാണ്. 
 
കര്‍ണാടക ശാസ്ത്രീയ സംഗീതത്തിനെപ്പറ്റി ജ്ഞാനമില്ലാത്തവരെ പോലും ഒരൊറ്റ കേള്‍‌വിയില്‍ ആരാധകരാക്കി മാറ്റുന്ന അനുപമമായ സംഗീതമായിരുന്നു ബാലമുരളീകൃഷ്ണയുടേത്. കര്‍ണാടക സംഗീതത്തെ ഔന്നത്യത്തിലെത്തിച്ച ഈ അസാധാരണ പ്രതിഭ 25ലേറെ രാഗങ്ങള്‍ സ്വന്തമായി കണ്ടെത്തി. 
 
ചെമ്പൈയ്ക്ക് ശേഷം സ്വതസിദ്ധമായ സംഗീതം കര്‍ണാടകസംഗീതത്തില്‍ ഉപയോഗിച്ച സംഗീതജ്ഞനായിരുന്നു ഡോ. ബാലമുരളീകൃഷ്ണ. സാമ്പ്രദായിക ശൈലിയില്‍ നിന്ന് എപ്പോഴും മാറിനടന്ന ബാലമുരളീകൃഷ്ണ ഹരിപ്രസാദ് ചൌരസ്യയുമായി പുല്ലാങ്കുഴലിലും സാക്കിര്‍ ഹുസൈനുമായി തബലയിലും നടത്തിയ ജുഗല്‍ബന്ദികള്‍ സംഗീതാസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. അതുപോലെ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഭീം‌സെന്‍ ജോഷിയുമായി നടത്തിയ ജുഗല്‍ബന്ദികളും ഏവരും ഓര്‍മ്മിക്കുന്നതാന്.  
 
ത്യാഗരാജസ്വാമികള്‍‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ക്ക് ശേഷം കര്‍ണാടക സംഗീതത്തിന്‍റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച മഹാമനീഷിയായിരുന്നു ബാലമുരളീകൃഷ്ണ. അദ്ദേഹത്തിന് സംഗീതം ജീവിതസപര്യ തന്നെയായിരുന്നു. സംഗീതത്തില്‍ ചികിത്സ നടത്താമെന്നുപോലും അദ്ദേഹം കണ്ടുപിടിച്ചു. സംഗീതത്തിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചു. സാധകം കൊണ്ട് സ്ഫുടം ചെയ്ത ശാരീരവും ജ്ഞാനവുമായിരുന്നു ബാലമുരളീകൃഷ്ണയുടേത്.

വെബ്ദുനിയ വായിക്കുക