"ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍', "അറിയുന്നില്ല, ഭവാന് അറിയുന്നില്ല' എന്ന ഗാനങ്ങളും അല്പം ദൂരെയിരിക്കുന്ന പ്രിയന് കേള്‍ക്കാന്‍ പാടുന്ന "പ്രിയതമാ'യും ആത്മാവിഷ്കാരം മാത്രമായ "മാണിക്യവീണയുമായെന്‍' തുടങ്ങിയ ഹൃദയത്തിന്റെ തേങ്ങലുകള്‍ പ്രതിസ്പന്ദിക്കുന്ന പ്രേമഗാനങ്ങള്‍
മണ്ണിന്റെ മണം സൃഷ്ടിക്കുന്ന "മേലേമാനത്തെ നീലിപ്പുലയിക്ക്' "എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു', "ഓടിവിളയാടിവാ' തുടങ്ങിയ നാടന്‍പാട്ടുകള്‍
"കാറ്റടിച്ചു കൊടും കാറ്റടിച്ചു' "കൈതപ്പുഴകായലിലെ' എന്നീ വ്യത്യസ്തങ്ങളായ വളളപ്പാട്ടുകള്‍, "ഓമനത്തിങ്കളിന്നോണം പിറന്നപ്പോള്‍', "കിളികിളിപൈങ്കിളിയുറങ്ങൂ' എന്നീ തരാട്ടുകള്‍ "സ്ഥായി' യില്‍ പതിഞ്ഞിരിക്കണമെന്ന് കാണിച്ചുതരുന്നു.
പ്രകൃതി ദൃശ്യാനുകൂലിയായ ഗാനങ്ങളായി ഉച്ചസ്ഥായിയിലുള്ള "പുഴകള്‍, മലകള്‍', "എത്ര മനോഹരമീ ഭൂമി', തുടങ്ങിയവ പ്രത്യേകത കാണിക്കുന്നു.
ആരും കേള്‍ക്കാത്ത രാത്രിയിലോ മുറിയടച്ചോ പാടേണ്ടിവരുമ്പോഴുള്ള പതിഞ്ഞ ഭാവം നല്കുന്ന "ഇനിയെന്റെ ഇണക്കിളിക്കെന്തുവേണം' "പാപ്പി അപ്പച്ചാ' "മരുന്നോ നല്ല മരുന്ന്' തുടങ്ങിയ ഗാനങ്ങളിലെ ഹാസ്യം "പുഷ്പദലങ്ങളാല്‍', "ഉല്ലാസപ്പൂത്തിരികള്‍', "സ്വിമ്മിംഗ്പൂള്‍' എന്നിവയിലെ പാശ്ഛാത്യ സമീപനം ഒക്കെ ദേവരാജന്റെ സ്വര്‍ഗീയസ്പര്‍ശത്താല്‍ അനുഗ്രഹീതം
അദ്ദേഹം സംഗീതം നല്കുമ്പോഴും ഒരു ഗായകനെപാടിക്കുമ്പോഴും ശ്രദ്ധപതിപ്പിക്കുന്ന മറ്റൊരുകാര്യമാണ് അക്ഷരസ്ഫുടത, അക്ഷരം കോര്‍ത്തെടുത്ത വാക്ക്, വാക്കുകള്‍ ചേര്‍ത്തുള്ള വരികള്‍, അവയുടെ ഭാവം, വരികള്‍ കോര്‍ത്തിണക്കിയ മൊത്തം ഗാനം. ഇവയൊക്കെ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.
അങ്ങനെ സംഗീതസംവിധാനത്തെ, ഭാവസംഗീതമാക്കി, യുവതലമുറയ്ക്ക് അനുകരണാത്മകങ്ങളാക്കിയ, ചലച്ചിത്രസംഗീത വിദ്യാര്‍ത്ഥികള്‍ക്ക് സവേഷണാത്മകങ്ങളാക്കിയ, ദേവരാജന്‍ ജനിച്ചത് കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. അച്ഛന് സംഗീത മൃദംഗവിദ്വാന്‍ എന്‍. കൊച്ചുഗോവിന്ദനാശാന്‍. അമ്മ കൊച്ചുകുഞ്ഞ്, സ്ക്കൂള് വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യസനവും നടത്തി.
ഗുരു അച്ഛന്‍തന്നെയായിരുന്നു. കോളജ് പഠനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എം.ജി.കോളജിലും. 18-ാം വയസ്സില്‍ അരങ്ങേറ്റം. സംഗീതക്കച്ചേരികള്‍ തുടങ്ങി. തിരുവിതാംകൂര്‍ റേഡിയോനിലയം അന്നില്ലാതിരുന്നതിനാല്‍ തൃശ്ശിനാപ്പള്ളിനിലയത്തിലൂടെ ആദ്യപ്രക്ഷേപണം. പിന്നീട് തിരുവനന്തപുരം റേഡിയോനിലയവുമായി ബന്ധപ്പെട്ടുവെങ്കിലും ആ ബന്ധം നെടുനാള്‍ തുടര്‍ന്നില്ല.
സ്വന്തം സംഗീതക്കച്ചേരികളില്‍ പാടാന്‍ ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, പി.ഭാസ്ക്കരന്‍ എന്നിവരുടെ കവിതകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് എല്ലാവരും സ്വാഗതം ചെയ്തു. അവകേട്ട ഒ.എന്‍.വി.കുറുപ്പ് സ്വന്തം കവിതാസമാഹാരം ദേവരാജനെ ഏല്‍പ്പിച്ചു.