സാഹസികമായി നെല്ലിയാമ്പതിയിലേക്ക്

Webdunia
ശനി, 24 നവം‌ബര്‍ 2007 (11:04 IST)
WD
പാലക്കാ‍ട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്നാണ് വിനോദയാത്രികര്‍ നെല്ലിയാമ്പതി മലനിരകളിലേക്ക് യാത്ര തുടങ്ങുന്നത്. ഇവിടെ നിന്നുള്ള 10 ഹെയര്‍ പിന്‍ വളവുകളുടെ സാഹസികതയും ഈ യാത്രയ്ക്ക് മിഴിവ് നല്‍കും.

നെ‌ന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ മധ്യേ നമുക്ക് പോത്തുണ്ടി ഡാമിന്‍റെ വിശാലതയും ഓളപ്പരപ്പുകളും സ്വാന്തനം നല്‍കുന്നു. ഇവിടെ നിന്ന് നമുക്ക് യാത്ര തുടരാം, 500 മുതല്‍ 1570 മീറ്ററിലധികം ഉയരമുള്ള മലകളിലേക്ക്!

നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ പല വളവുകളും വിസ്മയ ദൃശ്യങ്ങളുമായാണ് നമ്മെ കാത്തിരിക്കുക. പാലക്കാടിന്‍റെ പച്ചപ്പരവതാനി വിരിക്കുന്ന നെല്‍പ്പാടങ്ങളും ടൌണിന്‍റെ ദൃശ്യങ്ങളും എന്തിനേറെ, തമിഴ്നാടിന്‍റെ ഭാഗങ്ങള്‍ പോലും നമ്മെ ഈ ‘വ്യൂ പോയന്‍റുകള്‍’ കാട്ടിത്തരും.

പാലഗപാണ്ടി എന്ന എസ്റ്റേറ്റാണ് നെല്ലിയാമ്പതിയില്‍ ഏറ്റവും ഉയരെയുള്ളത്. ഇതിന് അടുത്തുള്ള സീതാര്‍ കുണ്ഡ് കണ്ണിന് വിസ്മയമൊരുക്കുന്നു. ഇവിടെ നിന്നും താഴ്‌വരയുടെ കാഴ്ച അതി മനോഹരമാണ്. ഏകദേശം 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കാണികളുടെ നിത്യ വിസ്മയങ്ങളില്‍ ഒന്നാണ്.

ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ മറ്റൊരു സവിശേഷത. നിരവധി സ്വകാര്യ എസ്റ്റേറ്റുകളിലൂടെയാണ്‌ സഞ്ചാരികള്‍ക്ക് നെല്ലിയാമ്പതിയില്‍ എത്താന്‍ കഴിയുക. ഏലത്തോട്ടങ്ങള്‍ഊം തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങളും പ്രകൃതിയെ സഞ്ചാരികളുമായി ചേര്‍ത്ത് നിര്‍ത്തുന്നതിന് സഹായിക്കുന്നു.