ലഡാക്കില്‍ മഞ്ഞുരുകുമ്പോള്‍...

Webdunia
WD
ലഡാക്കില്‍ മഞ്ഞുരുകിയാല്‍ വിനോദ സഞ്ചാരികളുടെ മുന്നില്‍ ഒരു അത്ഭുത ലോകത്തിന്‍റെ വാതില്‍ തുറന്നു എന്നാണ് അര്‍ത്ഥം. ഋതുഭേദങ്ങള്‍ ലഡാ‍ക്കിന് ചെറിയൊരു വേനലാണ് കനിഞ്ഞ് നല്‍കുന്നത്. വേനലിന്‍റെ ഇളം വെയിലിലാണ് ജമ്മു-കശ്മീരിലെ ഏറ്റവും വലിയ ഈ പ്രവിശ്യ വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നത്.

സ്വപ്ന ഭൂമിയായ ലഡാക്കിന് ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചും ഒത്തിരി പറയാനുണ്ടാവും. സിന്ധു നദി ഒഴുകുന്ന ഈ ഭൂമി ഇന്ത്യയിലെ ആദ്യ ആര്യന്‍ സമൂഹത്തിന്‍റെ പിന്‍‌ഗാമികളും ഇവിടെയാണെന്നാണ് കരുതുന്നത്. ലഡാക്കിന്‍റെ വടക്ക് കാരക്കോറം മലനിരകളും തെക്ക് ഹിമാലയ പര്‍വ്വതവുമാണ്. ലഡാക്കിന്‍റെ തലസ്ഥാനം ലേ ആണ്. ലേ, നുബ്ര, സന്‍സ്കാര്‍, ലോവര്‍ ലഡാക്ക്, റുപ്ഷു എന്നിവയാണ് മറ്റ് പ്രധാന സ്ഥലങ്ങള്‍.

സഞ്ചാരികള്‍ക്കായി നടത്തുന്ന ലഡാക്ക് ഫെസ്റ്റിവല്‍ ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. ഇന്തോ-ചൈന അതിര്‍ത്തിയിലെ അതി മനോഹമായ പാംഗോങ്ങ് ടുസോ തടാകം, ആദ്യ ആര്യന്‍ സമൂഹത്തിന്‍റെ പിന്‍‌ഗാമികള്‍ വസിക്കുന്ന ബൈമ ഗ്രാമം, സിയാച്ചന്‍ താഴ്‌വരയിലെ പ്രകൃതി രമണീയമായ നുബ്ര താഴ്‌വര ഇവയെല്ലാം സഞ്ചാരികള്‍ക്ക് അനന്യമായ ആഹ്ലാദ കാഴ്ചകളാവുമെന്ന് ഉറപ്പ്.

തണുപ്പ് വിട്ടുമാറാത്ത സ്വാഭാവിക പ്രകൃതിലൂടെ ഫേയില്‍ നിന്ന് നിമോ വരെ ഒരു ചങ്ങാടയാത്ര! അതും, സംസ്കാരത്തിന്‍റെ ഭാഗമായ സിന്ധൂ നദിയിലൂടെ. ലോകത്ത് നദിയിലൂടെ ചങ്ങാടത്തില്‍ യാത്രചെയ്യാന്‍ പറ്റുന്ന ഏറ്റവും ഉയര്‍ന്ന സ്ഥലവും ഇതാണെന്ന് അറിയുമ്പോള്‍ സഞ്ചാരികള്‍ ശരിക്കും വിസ്മയഭരിതരാവുമെന്ന് ഉറപ്പ്.

മലകയറ്റത്തിനും ഗ്ലെഡിങ്ങിനും ട്രെക്കിങ്ങിനും സ്കീയിങ്ങിനും ലഡാക്ക് അവസരമൊരുക്കുന്നു.

ലഡാക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പോളോ മത്സരങ്ങള്‍ കാണുകയും പങ്കാളികളാവാനും വിനോദസഞ്ചാരവകുപ്പ് അവസരമൊരുക്കുന്നുണ്ട്. പരമ്പരാഗത അമ്പെയ്ത്ത് മത്സരവും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാണ്. ലേയ്ക്ക് അടുത്തുള്ള സകാര ഗ്രാമമാണ് അമ്പെയ്ത്തുമായി സഞ്ചാരികളെ വരവേല്‍ക്കുന്നത്.

എത്തിച്ചേരാന്‍

ലഡാക്കിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ലേ ആണ്. ഇവിടേയ്ക്ക് ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നും വിമാന സര്‍‌വീസുണ്ട്. റോഡുമാര്‍ഗ്ഗമാണെങ്കില്‍ കശ്മീര്‍ തലസ്ഥാനമായ ലഡാക്കിലെത്താന്‍ ശ്രീനഗറില്‍ നിന്ന് രണ്ട് ദിവസത്തെ (434 കി.മീ) യാത്രയുണ്ട്. കാര്‍ഗിലില്‍ ആയിരിക്കും രാത്രി തങ്ങുക. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ റോഡ് തുറന്ന് കൊടുക്കും.