മരുഭൂവിന്‍റെ മറ്റൊരു മുഖം-മൌണ്ട് ആബു

Webdunia
PRO
രാജസ്ഥാന്‍ എന്ന് കേട്ടാല്‍ ഒട്ടകങ്ങളും പിന്നെ കനല്‍ക്കാറ്റ് പരക്കുന്ന മരുഭൂമിയുമാവും ഓര്‍മ്മ വരിക. രാജസ്ഥാന് മറ്റൊരു മുഖം കൂടിയുണ്ട്- പച്ചപ്പുവിരിച്ച സംസ്ഥാനത്തെ ഒരേയൊരു ഹില്‍ സ്റ്റേഷന്‍, മൌണ്ട് ആബു.

സമുദ്ര നിരപ്പില്‍ നിന്ന് 4000 അടി ഉയരെയുള്ള ഈ ഹില്‍‌സ്റ്റേഷന്‍ ഹണിമൂണ്‍ ട്രിപ്പിനായി ദമ്പതികള്‍ തെരഞ്ഞെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇവിടെക്കുള്ള വഴിയിലെ ഹെയര്‍പിന്‍ വളവുകളും പ്രകൃതി രമണീയ കാഴ്ചകളും സഞ്ചാരികളുടെ കണ്ണില്‍ മായാതെ നില്‍ക്കും.

ദില്‍‌വാര ജൈന ക്ഷേത്രങ്ങളാണ് മൌണ്ട് അബുവിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം. പതിനൊന്നാം നൂറ്റാണ്ടിലെയും പതിമൂന്നാം നൂറ്റാണ്ടിലെയും ശില്‍പ്പഭംഗി വിളിച്ചോതുന്ന ഈ മാര്‍ബിള്‍ ക്ഷേത്രങ്ങള്‍ വിദേശികളുടെ കണ്ണിലെയും നിത്യ വിസ്മയമാണ്.

ഇവിടുത്തെ ഗുരുമുഖ് ക്ഷേത്രത്തിന് പൌരാണികതയുമായി അടുത്ത ബന്ധമാണുള്ളത്. വസിഷ്ഠമുനിയുടെ ഹോമകുണ്ഠത്തിന്‍റെ സ്ഥാനത്താണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. 750 പടികള്‍ കടന്നു വേണം ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍.

നഖി തടാകമാ‍ണ് മൌണ്ട് ആബുവിലെ പ്രത്യേക ആകര്‍ഷണം. ഈ തടാകം ഇന്ത്യയിലെ ഏക കൃത്രിമ തടാകമാണ്. 3937 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തില്‍ ബോട്ടിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇതിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നുള്ള അസ്തമന കാഴ്ച സഞ്ചാരികളുടെ മനസ്സും വിചാരങ്ങളും ഒരു നിമിഷത്തേക്കെങ്കിലും മോഷ്ടിക്കുമെന്ന് ഉറപ്പ്!

ജൂണ്‍ മാസത്തിലാണ് മൌണ്ട് ആബുവില്‍ സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്ത് നടക്കുന്ന ത്രിദിന സമ്മര്‍ ഫെസ്റ്റിവല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നഖി തടാകത്തിലെ ബോട്ട് റേസ്, ഷാമിക്വാലി എന്ന സംഗീത ഉത്സവം പ്രാദേശിക നൃത്തങ്ങള്‍ എന്നിവയെല്ലാം ഈ മേളയ്ക്ക് നിറം ചാര്‍ത്തുന്നു.