മലയാള സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ സഞ്ജയന്‍. ജീവിതം സഞ്ജയന് ദുഃഖനിര്‍ഭരമായിരുന്നു. എന്നിട്ടും അദ്ദേഹം രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ ചിന്തിപ്പിക്കുകയും ചെയ്തു.
കുഞ്ഞുരാമന്‍ വൈദ്യന്‍റെയും മാണിക്കോത്ത് പാറുവമ്മയുടെയും മകനായി 1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. 1943 സെപ്റ്റംബര്‍ 13ന് സഞ്ജയന്‍ ഓര്‍മമാത്രമായി.
സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയ സഞ്ജയന് ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, സംസ്കൃതം എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലും , പിന്നീട് അധ്യാപകനായും നീണ്ട കര്‍മകാണ്ഡം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടി.
കോഴിക്കോട് ഹജൂര്‍ ഓഫീസില്‍ ഗുമുസ്തനായും കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായും ജോലി ചെയ്തു. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയെങ്കിലും ക്ഷയരോഗബാധമൂലം പൂര്‍ത്തിയാക്കിയില്ല.
അതിനിടെ, 'കേരളപത്രിക','സഞ്ജയന്‍', വിശ്വരൂപം' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരെന്ന നിലയിലും പ്രശസ്തനായി. ഷേക്സ്പീയര്‍ നാടകങ്ങളുടെ പരിഭാഷകളിലൂടെയും സഞ്ജയന് ലബワപ്രതിഷ്ഠനായി. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
വിശ്വരൂപം, സഞ്ജയന്‍
കേരളപത്രികയുടെ പത്രാധിപസമിതിയംഗമായ(1934) സഞ്ജയന്‍ 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. 1940 ഓഗസ്റ്റില്‍ വിശ്വരൂപം മാസിക ആരംഭിച്ചു. 1941 ഡിസംബറില്‍ പ്രസിദ്ധീകരണം നിര്‍ത്തി. ജീവിതകാലത്തിനിടയ്ക്ക് പ്രസിദ്ധീകരിച്ച ഏക പുസ്തകം ഒഥെല്ലോ വിവര്‍ത്തനം (1941) മാത്രമായിരുന്നു.
പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. ആദ്യോപഹാരം, സാഹിത്യനികഷം (രണ്ടുഭാഗം), ഹാസ്യാഞ്ജലി, സഞ്ജയന്‍ (ആറു ഭാഗം) എന്നിവയിലായി മരണാനന്തരം സഞ്ജയന്‍റെ രചനകള്‍ സമാഹരിച്ചു.
ദുരന്തമയമായിരുന്ന ജീവിതത്തില്‍നിന്നാണ് സഞ്ജയന്‍ ഹാസ്യം വിരിയിച്ചത്. .കുട്ടിക്കാലത്തേ അച്ഛന്‍ നഷ്ടപ്പെട്ട രാമുണ്ണിക്ക് പിന്നീട് ഭാര്യയേയും നഷ്ടപ്പെട്ടജീവിതാവസ്ഥ നേരിടേണ്ടി വന്നു. ഏകപുത്രനും മരിച്ചതോടെ അദ്ദേഹം ആകെ തളര്‍ന്നു. അപ്പോഴും അദ്ദേഹമുയര്‍ത്തിവിട്ട ചിരിയുടെ അലകളിലായിരുന്നു സഹൃദയസമൂഹം.
അണിയറയില്‍
സഞ്ജയന്‍റെ ഹാസ്യാഞ്ജലി (1943) യിലെ ആദ്യകവിതയായ അണിയറയില്‍.