സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യന്‍ ദേശീയ ഗാനത്തിന്‍റെ കര്‍ത്താവ്, ഇന്ത്യക്കാരനായ ആദ്യത്തെ നോബല്‍ സമ്മാന ജേതാവ്, ശാന്തിനികേതന്‍ സ്ഥാപകന്‍ എന്നിങ്ങനെ രബീന്ദ്രനാഥ ടാഗോറിന് വിശേഷണങ്ങള്‍ ഏറെയാണ്.
ആധുനിക ഭാരതം കെട്ടിപ്പെടുക്കാന്‍ ടാഗോര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവാത്തതാണ്. കവി, നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, സംഗീതജ്ഞന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ടാഗോര്‍ ഗുരുദേവന്‍ എന്ന് അറിയപ്പെട്ടു.
1861 മേയ് ഏഴിന് , കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയിലാണ് രബീന്ദ്രനാഥ ടാഗോറിന്‍റെ ജനനം. ബ്രഹ്മ സമാജം അംഗവും സംസ് കൃത പണ്ഡിതനുമായ ദീബേന്ദ്രനാഥ് ടാഗോറിന്‍റെ 14 മക്കളില്‍ ഇളയമകനായിരുന്നു രബീന്ദ്രനാഥ ടാഗോര്‍.
സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഏഴാം വയസിലാണ് ടാഗോര്‍ ആദ്യ കവിതയെഴുതിയത്. പതിനേഴാമത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത് (കവി കാഹിനി-1878).
1878-ല്‍ പഠനത്തിനായി ടാഗോര്‍ ഇംഗ്ളണ്ടിലേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടാഗോര്‍ 17മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. കവിതയും ചെറുകഥകളും നാടകങ്ങളും എഴുതുന്നത് ടാഗോര്‍ സ്ഥിരമാക്കി.
1883-ല്‍ മൃണാളിനി ദേവിയെ ടാഗോര്‍ വിവാഹം ചെയ്തു. വിവാഹനന്തരം ടാഗോറാണ് മൃണാളിനി ദേവിയെ ബംഗാളി, സംസ്കൃതം തുടങ്ങിയ ഭാക്ഷകള്‍ പഠിപ്പിച്ചത്.