ഉറുദു കവി കൈഫി ആസ്മി അന്തരിച്ചിട്ട് 2008 മെയ് 10ന് 6 വര്‍ഷം തികയുകയാണ്.കവിതയുടെ നിത്യ സൗന്ദര്യം പൊലിഞ്ഞു പോയിട്ട് ഒരു വര്‍ഷമാകുന്നു എന്നതാണ് കൂടുതല്‍ ശരി. ഉറുദു കവിതയുടെ ആചാര്യനായിരുന്നു കൈഫി ആസ്മി.
ഉത്തര്‍പ്രദേശിലെ അസാംഗാര്‍ ജില്ലയില്‍ മിജ്വാനില്‍ 1925ലാണ് കൈഫി ആസ്മി ജനിച്ചത്. ആസ്മിയുടെ കവിതകള്‍ ഉറുദുകവിതയുടെ പാരമ്പര്യങ്ങളെ എതിര്‍ത്തുകൊണ്ടുള്ള ജീവിത ചിത്രങ്ങളായിരുന്നു.
കൈഫി ആസ്മി സിനിമാ ഗാനങ്ങളിലൂടെ തന്‍റെ കവിതാ ജീവിതത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു. പദ ലാളിത്യവും സൗന്ദര്യവും നന്മയുടെ പ്രതിഫലനവും കൊണ്ട് ആരാധകലക്ഷങ്ങളുടെ മനസു കീഴടക്കാന്‍ അദ്ദേഹത്തിന്‍റെ സിനിമാ ഗാനങ്ങള്‍ക്ക് കഴിഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ മലക്കം മറിച്ചിലുകളില്‍ വ്യാകുലനായിരുന്നെങ്കിലും കൈഫി ആസ്മി ശുഭപ്രതീക്ഷ പുലര്‍ത്തിയിരുന്നു. ആ പ്രതീക്ഷകള്‍ കവിതകളില്‍ക്കൂടി പ്രതിഫലിപ്പിക്കുകയും ഇന്ത്യയ്ക്ക് ഒരു സോഷ്യലിസ്റ്റ് ഭാവിയുണ്ടെന്ന് സ്വപ്നം കാണുകയും ചെയ്തു അദ്ദേഹം.
1998 ല്‍ ആസ്മി ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. ഞാന്‍ പാരതന്ത്രത്തിന്‍റെ കാലഘട്ടത്തില്‍ ജനിച്ചു. ജനാധിപത്യ ഇന്ത്യയില്‍ വളര്‍ന്നു. ഞാന്‍ മരിക്കുന്നത് ഒരു സോഷ്യലിസ്റ്റ് ഇന്ത്യയിലായിരിക്കും.
ഒട്ടേറെ പുരസ്കാരങ്ങള്‍ കൈഫി ആസ്മിയെത്തേടി എത്തിയിട്ടുണ്ട്. സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
രണ്ടായിരത്തില്‍ ഉറുദു അക്കാദമിയുടെയും ന്യൂഡല്‍ഹി സര്‍ക്കാരിന്‍റെയും മില്ലെനിയും അവാര്‍ഡ് നേടി. 1998 ല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ധ്യാന്വേശ്വര്‍ പുരസ്കാരവും പിന്നീട് പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി.
അരനൂറ്റാണ്ടിലധികം നീണ്ട സാഹിത്യ ജീവിതത്തിന് വിരാമമിട്ട് 2002 മെയ് 10ന് മുംബൈയില്‍ കൈഫി ആസ്മി അന്തരിച്ചു. പ്രശസ്ത ചലച്ചിത്ര നടി ശബാന ആസ്മി മകളും ഗാനരചയിതാവ് ജാവേദ് അക്തര്‍ മരുമകനുമാണ്.