സാഹിത്യത്തിലെ സവ്യസാചി, ബുദ്ധിശാലി, പ്രതിഭാശാലി, നിരീക്ഷണ പടു, ഭാവനാസമ്പന്നന്‍, ഫലിതമാര്‍മ്മികന്‍, തൂലികാചാലനപടു, സരസഗദ്യകാരന്‍ - ഈ വിശേഷണങ്ങളെല്ലാം ഒരാളെക്കുറിച്ചുള്ളതാണ്. ഇ.വി.കൃഷ്ണപിള്ളയെ കുറിച്ച് മഹാകവി ഉള്ളൂര്‍ നടത്തിയ നിരീക്ഷണമാണ്.
സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയും രാഷ്ട്രീയ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും നടനും കലാകാരനും ഒക്കെയായിരുന്നു ഇ.വി.കൃഷ്ണപിള്ള.
കേവലം 44 വയസ്സ് മാത്രം ജീവിക്കുകയും 20 കൊല്ലം മാത്രം സാഹിത്യ രചന നടത്തുകയും ചെയ്ത ഇ.വി കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം കേരളം കണ്ട പ്രതിഭാ ശാലിയായ ഫലിത സാഹിത്യകാരനായിരുന്നു. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് അദ്ദേഹം സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ചു.
1938 മാര്‍ച്ച് 30 നാണ് അദ്ദേഹം അന്തരിച്ചത്. അപ്പോഴദ്ദേഹം മനോരമാ വാരികയുടെ പത്രാധിപരായിരുന്നു. 1894 സെപ്തംബര്‍ 14ന് അടൂരിലായിരുന്നു ജനനം. വിദ്യാഭ്യാസം കോട്ടയത്തും തിരുവനന്തപുരത്തും. 1918 ല്‍ ബിരുദം നേടി ഉദ്യോഗസ്ഥനായി. പിന്നെ അവധിയെടുത്ത് നിയമം പഠിച്ചു.
തിരുവനന്തപുരത്തെ വിദ്യാഭ്യാസ കാലത്തിനിടയില്‍ സി.വി.കൃഷ്ണ പിള്ളയുടെ പ്രത്യേക താത്പര്യത്തിന് പാത്രമായതാണ് 1919 ല്‍ സി.വി.യുടെ ഇളയ മകള്‍ മഹേശ്വരി അമ്മയെ വിവാഹം കഴിക്കാനുള്ള കാരണം.
കൊല്ലം, കോട്ടയം, തിരുവനന്തപുരം. എന്നിവ അദ്ദേഹത്തിന്‍റെ കര്‍മ്മ മണ്ഡലമായിരുന്നു. അഭിഭാഷകനായും നിയമസഭാംഗം, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശോഭിച്ചിരുന്നു. ഒരു മിനിറ്റ് പോലും ഒഴിവില്ലാത്ത തിരക്കിനിടയില്‍ കാമ്പുള്ള സാഹിത്യ സൃഷ്ടികള്‍ സി.വി എങ്ങനെ എഴുതി എന്നുള്ളതാണ് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം.
പ്രമുഖ മലയാള ചലച്ചിത്ര നടന്‍ അടൂര്‍ ഭാസി ഇ.വി യുടെ മകനാണ്.